കൊച്ചി: സിനിമകൾക്കായി തുറക്കുന്ന ഒ.ടി.ടി. പ്ലാറ്റ് ഫോമിന്റെ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. സ്വകാര്യ പ്ലാറ്റ് ഫോം വാടകയ്‌ക്കെടുത്ത് പ്രവർത്തനം തുടങ്ങി രണ്ടുവർഷത്തിനകം കെ.എസ്.എഫ്.ഡി.സി.യുടെ സ്വന്തം ഒ.ടി.ടി. പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാനാണ് സർക്കാരിന്റെ ശ്രമം . ഇതിനായുള്ള ടെൻഡറിൽ കേരളത്തിനു പുറത്തു നിന്നടക്കം എട്ടുകമ്പനികളുടെ അപേക്ഷ ലഭിച്ചു. ഇവയുടെ ഗുണനിലവാരപരിശോധന തിങ്കളാഴ്ച നടക്കും. കെ.എസ്.എഫ്.ഡി.സി. രൂപവത്കരിച്ച പ്രത്യേക സാങ്കേതിക വിദ്ഗ്ധ സമിതിയാണ് പരിശോധന നടത്തുന്നത്.
തിരഞ്ഞെടുക്കുന്ന കമ്പനികൾ രണ്ടാഴ്ചയ്ക്കകം അവരുടെ സാമ്പത്തിക കാര്യങ്ങളും ചെയ്യാനുദ്ദേശിക്കുന്ന പ്ലാറ്റ്ഫോമിന്റെ സാങ്കേതിക മികവും സമിതിയെ ബോധ്യപ്പെടുത്തണം. അതുകൂടി പരിശോധിച്ചശേഷം 2022 മാർച്ച് പകുതിയോടെ ഒരു കമ്പനിയെ പ്ലാറ്റ് ഫോം രൂപവത്കരണത്തിനായി തിരഞ്ഞെടുക്കും. നിർമാതാക്കളിൽ നിന്ന് സിനിമകൾ വിലകൊടുത്തുവാങ്ങുന്ന നിലവിലെ രീതിക്കുപകരം പ്രദർശനത്തിന്റെ വരുമാനം നിശ്ചിതശതമാനം കണക്കാക്കി പങ്കുവെക്കുന്ന രീതിയാകും സർക്കാർ ഒ.ടി.ടി.യിൽ ഉണ്ടാകുന്നത്.
തിയേറ്ററുകൾക്കു സമാന്തരമായിട്ടല്ല സർക്കാർ ഒ.ടി.ടി. എന്ന തീരുമാനത്തിലേക്കുവന്നത്. തിയേറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ടുന്ന ചിത്രാഞ്ജലി പാക്കേജ് ചിത്രങ്ങളും അവാർഡ് ചിത്രങ്ങളുമൊക്കെ പ്രേക്ഷകരിലേക്കെ ത്തിക്കാൻ പുതിയ പ്ലാറ്റ് ഫോമിലൂടെ കഴിയും. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ നിശ്ചിതസമയം കഴിഞ്ഞ് ഒ.ടി.ടി.യിൽ കൊണ്ടുവരാനും സർക്കാർ ശ്രമിക്കുന്നതായി കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ -എൻ. മായ പറഞ്ഞു.

