കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ ഇടപ്പളളി പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിന് ചെരിവുളളതായി കണ്ടെത്തി. തൂണിന് ചുറ്റുമുളള മണ്ണ് നീക്കി പരിശോധന ആരംഭിച്ചു. കെഎംആര്‍എല്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തകരാര്‍ ബോധ്യപ്പെട്ടതോടെ വിശദാംശങ്ങള്‍ ഡിഎംആര്‍സിയെയും അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഭാഗമായ വയഡിക്ടിന്റെ ചരിവുകൊണ്ടും പാളത്തിനടിയിലെ ബുഷിന്റെ തേയ്‌മാനം കൊണ്ടും മെട്രോ പാളത്തില്‍ ചെരിവുണ്ടാകാറുണ്ട് എന്നാല്‍ തൂണിന്റെ ചെരിവാണ് പ്രശ്‌നമെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുളളത്.
കെഎംആര്‍ എല്ലിന്റെയും ഡിഎംആര്‍സിയുടെയും എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന . ആശങ്കക്കടിസ്ഥാനമില്ലെന്നും ട്രെയിന്‍ സര്‍വീസുകള്‍ അധിക ദിവസം മുടങ്ങാതെ തന്നെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് കെഎംആര്‍ എല്‍ വ്യക്തമാക്കുന്നത്. വയഡക്ടിനും ട്രാക്കിടിനുനിടയില്‍ ചെറിയൊരു വിടവ് കഴിഞ്ഞയാഴ്‌ചയാണ് ശ്രദ്ദയില്‍ പെട്ടത്. തൂണിന്റെ അടിത്തറക്ക് ബലക്ഷയമുണ്ടോയെന്ന പരിശോധനയാണ് നടക്കുന്നത്. മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റമാണോ ചെരിവിന് കാരണമെന്ന് പരിശോധനയില്‍ വ്യക്തമാവും. പത്തടിപ്പാലം ഭാഗത്ത് മെട്രോ ട്രെയിന്‍ വേഗത കുറച്ചാണ് സര്‍വീസ് നടത്തുന്നത്.

