ഭൂമി തരംമാറ്റാനാകാതെ മല്‍സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തതില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: എറണാകുളം വടക്കന്‍പറവൂരില്‍ ഭൂമി തരംമാറ്റാനാകാതെ മത്സ്യത്തൊഴിലാളി സജീവന്‍ ആത്മഹത്യ ചെയ്തതില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഓ ഓഫിസിലെ ആറ് ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അപേക്ഷയില്‍ നടപടിയെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുെട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നാലു സെന്റ് ഭൂമി തരംമാറ്റാനാകാതെ വടക്കന്‍പറവൂര്‍ മാല്യങ്കര സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ ഓഫിസിലെ മുന്‍ ജൂനിയര്‍ സൂപ്രണ്ട് സി.ആര്‍.ഷനോജ് കുമാര്‍, മുന്‍ സീനിയര്‍ ക്ലര്‍ക്ക് സി.ജെ.ഡെല്‍മ, സീനിയര്‍ ക്ലര്‍ക്ക് ഒ.ബി.അഭിലാഷ്, സെക്ഷന്‍ ക്ലര്‍ക്ക് മുഹമ്മദ് അസ്ലാം, മുന്‍ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി.നിഷ, മുന്‍ എല്‍.ഡി ടൈപ്പിസ്റ്റ് ടി.കെ.ഷമീം എന്നിവര്‍ക്കെതിരെയാണ് നടപടി.

ഓരോരുത്തരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് റവന്യൂ വകുപ്പ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

സജീവന്റെ അപേക്ഷ തപാല്‍ സെക്ഷനില്‍നിന്ന് സ്കാന്‍ ചെയ്ത് നല്‍കാന്‍ 81 ദിവസത്തെ കാലതാമസം ഉണ്ടായി. സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി.നിഷ, എല്‍.ഡി ടൈപ്പിസ്റ്റ് ടി.കെ.ഷമീം എന്നിവരാണ് ഇതിന് ഉത്തരവാദികള്‍. അതുകഴിഞ്ഞ് സ്കാന്‍ ചെയ്ത് സെക്ഷനില്‍ ലഭിച്ച അപേക്ഷ സീനിയര്‍ ക്ലര്‍ക്ക് സി.ജെ.ഡെല്‍മ 78 ദിവസമാണ് നടപടിയെടുക്കാതെ സൂക്ഷിച്ചത്. പിന്നീട് തുടര്‍നടപടികള്‍ക്കായി ജൂനിയര്‍ സൂപ്രണ്ട് അംഗീകരിച്ചു നല്‍കിയ അപേക്ഷയുടെ കാര്യം സീനിയര്‍ ക്ലര്‍ക്ക് ഒ.ബി.അഭിലാഷ് അപേക്ഷകനെ അറിയിച്ചില്ല. കീഴുദ്യോഗസ്ഥന്‍ ഫയല്‍ പൂഴ്ത്തി വച്ചിരുന്നത് കണ്ടെത്തുകയോ നടപടി എടുക്കുകയോ ചെയ്യാതിരുന്നതാണ് ജൂനിയര്‍ സൂപ്രണ്ട് സി.ആര്‍.ഷനോജ് കുമാറിന്റെ വീഴ്ച.

വിശദമായ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കഴിഞ്ഞ പതിനഞ്ചിന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ മാസം മൂന്നിനാണ് സജീവന്‍ ആത്മഹത്യ ചെയ്തത്. സജീവന്‍ മരിച്ച് നാലാം ദിവസം ഭൂമി തരംമാറ്റിയ ഉത്തരവ് കലക്ടര്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →