പത്തനംതിട്ട: ജില്ലയിലെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് എഡിഎം അലക്സ്. പി. തോമസിന്റെ അധ്യക്ഷതയില്‍ ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ചേര്‍ന്നു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഈ മാസം 27നാണ് പള്‍സ് പോളിയോ വിതരണം നടക്കുന്നത്. ജില്ലയിലെ അഞ്ച് വയസിന് താഴെ പ്രായമുള്ള 65444 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 422 കുട്ടികളും ഉള്‍പ്പെടുന്നു.
ജില്ലയില്‍ 970 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ 16 ട്രാന്‍സിറ്റ് ബൂത്തുകളും (ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍), 12 മൊബൈല്‍ ബൂത്തുകളുമുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി, ആര്സിഎച്ച്് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍, റോട്ടറി ക്ലബ്ബ്, ഐഎംഎ പ്രതിനിധികള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

