രാജ്കോട്ട്: മേഘാലയയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം.എ ഗ്രൂപ്പ് മത്സരത്തിന്റെ ഒന്നാം ദിവസം തന്നെ മേഘാലയയെ 148 റണ്ണിന് ഓള്‍ഔട്ടാക്കാന്‍ കേരളത്തിനായി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ ഒന്നിന് 205 റണ്ണെന്ന നിലയിലാണ്. 57 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനും അവര്‍ക്കായി.ഏകദിന ശൈലിയില്‍ സെഞ്ചുറിയടിച്ച ഓപ്പണര്‍ രോഹന് കുന്നുമ്മലാണ് (97 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 107) പുറത്തായത്. സെഞ്ചുറിയിലേക്കു കുതിക്കുന്ന ഓപ്പണര്‍ പി. രാഹുല്‍ (117 പന്തില്‍ ഒരു സിക്സറും 13 ഫോറുമടക്കം 91), ജലജ് സക്സേന (നാല്) എന്നിവരാണു ക്രീസില്‍. അരങ്ങേറ്റക്കാരന്‍ പേസര്‍ ഏദന്‍ ടോമാണു മേഘാലയയെ എറിഞ്ഞിട്ടത്. 17 വയസുകാരനായ ഏദന്‍ 41 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്തു. ഉണ്ണികൃഷ്ണന് മനുകൃഷ്ണന് മൂന്ന് വിക്കറ്റും വെറ്ററന്‍ താരം ശ്രീശാന്ത് രണ്ട് വിക്കറ്റുമെടുത്തു. ബേസില്‍ തമ്പി ഒരു വിക്കറ്റും സ്വന്തമാക്കി. ശ്രീശാന്ത് ഉള്‍പ്പെടെ നാലു ബൗളര്‍മാരെയാണ് നായകന് സച്ചിന് ബേബി പരീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിച്ച് ശ്രീ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു മടങ്ങി വരാനിരുന്നതായിരുന്നു. കോവിഡ് -19 വൈറസ് മഹാമാരി വില്ലനായി. രഞ്ജി സീസണ് ഉപേക്ഷിച്ചതോടെ തിരിച്ചുവരവ് നീണ്ടു. മേഘാലയയുടെ നായകനും വിക്കറ്റ് കീപ്പറുമായ പുനീത് ബിഷ്ത് (90 പന്തില്‍ 19 ഫോറുകളടക്കം 93) മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍ കിഷന് ലിങ്തോ (26), ചിരാഗ് ഖുരാന (15) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍.
രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം
