കെഎസ്ഇബിയിൽ തട്ടിപ്പ് നടത്തിയത് കോൺഗ്രസ് ഭരണകാലത്തെന്ന്; വി.ഡി സതീശന് എംഎം മണിയുടെ മറുപടി

ഇടുക്കി: വിഡി സതീശന്റെ പാർട്ടിയായ കോൺഗ്രസ് ഭരിക്കുമ്പോളാണ് കെഎസ്ഇബി ഏറ്റവും കൂടുതൽ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതുമെന്ന് മുൻ വൈദ്യുതി മന്ത്രി എംഎം മണി. ആര്യാടൻ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാർവച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

വേണമെങ്കിൽ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും എംഎം മണി പറഞ്ഞു. മുൻ ഇടതുസർക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയിൽ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയർമാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. വൈദ്യുതി ബോർഡ് ചെയർമാൻ ഡോ.ബി.അശോകിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്ന് എം.എം. മണി പറഞ്ഞു.

നിലവിലെ വൈദ്യുത മന്ത്രി കൃഷ്ണൻ കുട്ടി ചെയർമാനെക്കൊണ്ട് പറയിച്ചതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ കാലത്ത് പ്രതിസന്ധിയില്ലാതെ വൈദ്യുതി ബോർഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ വൈദ്യുതി ഭവനിൽ സുരക്ഷാ സേനയെ നിയോഗിക്കേണ്ട നിലയിലെത്തിയിരിക്കുന്നു. നാലരവർഷമാണ് ഞാൻ മന്ത്രിയായത്. അത് കെ.എസ്.ഇ.ബിയുടെ സുവർണ കാലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →