എറണാകുളം: കൊച്ചി കോര്‍പറേഷനില്‍ മലമ്പനി പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

എറണാകുളം: കൊച്ചി കോര്‍പറേഷനെ മലമ്പനി മുക്തമാക്കുന്നതിന്റെ ഭാഗമായി കോര്‍പറേഷന്‍ പരിധിയിലെ കൗണ്‍സിലര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് ഇതര രോഗങ്ങളുടെ ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.വിനോദ് പൗലോസ്, ജില്ലാ മലേറിയ ഓഫീസര്‍ എം.സുമയ്യ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ക്ലാസ് നടത്തിയത്.

 2015 മുതല്‍ 2021 വരെ എറണാകുളം ജില്ലയില്‍ കണ്ടെത്തിയ 771 മലമ്പനി രോഗികളില്‍ 84 പേര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടവര്‍ ആയിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍, അതിഥി സംസ്ഥാന തൊഴിലാളികള്‍ എന്നിവരിലാണു രോഗം കണ്ടെത്തിയിട്ടുള്ളത്. പ്രദേശികമായി ആരും ഈ കാലയളവില്‍ രോഗബാധിതര്‍ ആയിട്ടില്ല. മലമ്പനി രോഗികള്‍ കൂടുതലുള്ള ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മലമ്പനി ബാധ ജില്ലയില്‍ എത്തിയിട്ടുള്ളത്. കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവിധ സ്ഥലങ്ങളില്‍ അനോഫലസ് കൊതുകുകളെ കണ്ടെത്തിയിട്ടുള്ളതിനാല്‍ മലമ്പനി കൂടുതല്‍ ആളുകളിലേക്കു പകരാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണമുള്ള അതിഥി സംസ്ഥാന തൊഴിലാളികളിലും ഇതരസംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയവരിലും പരിശോധന വ്യാപകമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി.

കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങളും കൃത്യമായി പരിശോധിക്കണമെന്നും ചികിത്സ തേടണമെന്നും ഡോ.വിനോദ് പൗലോസ് പറഞ്ഞു. യഥാസമയം ചികിത്സയ്ക്കു വിധേയരായല്‍ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാകും. എല്ലാ ആഴ്ചകളിലും കൃത്യമായി ഡ്രൈ ഡേ ആചരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ വെള്ളിയാഴ്ചകളിലും സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലുമാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.

കൊച്ചി കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷറഫ് അധ്യക്ഷനായി. കൊച്ചി കോര്‍പറേഷനിലെ വിവിധ കമ്മിറ്റികളുടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, വിവിധ ഡിവിഷനുകളിലെ കൗണ്‍സിലര്‍മാര്‍, ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →