തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗരേഖ സർക്കാർ ഇന്ന് പുറത്തിറക്കും. ഈ മാസം 28 മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ അല്ലാതെ എല്ലാ ക്ലാസുകളും വൈകുന്നേരം വരെ പ്രവർത്തിക്കും. പാഠഭാഗങ്ങൾ സമയത്ത് തന്നെ പൂർത്തീകരിക്കാനാണ് ക്രമീകരണം.
സമയബന്ധിതമായി പാഠഭാഗങ്ങൾ തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകണം.അധ്യയന വർഷം നീട്ടാതെ സമയത്ത് തന്നെ പരീക്ഷകൾ നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ മറ്റന്നാൾ പുനരാരംഭിക്കും. കഴിഞ്ഞ തവണ സ്‌കൂൾ തുറക്കുമ്പോൾ പുറത്തിറക്കിയ മാർഗരേഖ തന്നെയാകും ഇത്തവണയും ഉണ്ടാകുക. ഓഫ്ലൈൻ, ഓൺലൈൻ രൂപത്തിൽ ക്ലാസുകൾ ഉണ്ടാകും. പരീക്ഷാ തീയതികളിൽ മാറ്റമില്ല. മോഡൽ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാർച്ച് 16 ന് ആരംഭിക്കും.