കൊച്ചി: സപ്ലൈകോ കൊച്ചി നഗരത്തിൽ ആരംഭിക്കുന്ന ഓൺലൈൻ വില്പനയുടെയും ഹോം ഡെലിവറിയുടെയും ഉദ്ഘാടനം ഗാന്ധി നാഗറിലെ സപ്ലൈകോ ആസ്ഥാനത്ത് ഫെബ്രു.11ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ.അനിൽ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും.
ടി.ജെ.വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. കൗൺസിലർ ബിന്ദു ശിവൻ ആദ്യ ഓർഡർ സ്വീകരിക്കും. സപ്ലൈകോ എംഡി ഡോ.സഞ്ജീബ് കുമാർ, പട് ജോഷി കൗൺസിലർമാരായ മാലിനി കുറുപ്പ്, പി.ആർ.രത്ന തുടങ്ങിയവർ പങ്കെടുക്കും. സപ്ലൈകോ ഉല്പന്നങ്ങൾ ലഭിക്കാൻ സപ്ലൈ കേരള മൊബൈൽ ആപ്പ് വഴിയാണ് ഓർഡർ ചെയ്യേണ്ടത്. നാലു കിലോമീറ്റർ പരിധിയിൽ അഞ്ചു കിലോഗ്രാം ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി എസ് ടി യും നൽകിയാൽ മതി. ദൂരം കൂടുന്നതിനനുസരിച്ച് വിതരണനിരക്കിൽ വ്യത്യാസം വരും. ഓർഡർ സ്വീകരിച്ച് എത്രയും വേഗം ഉല്പന്നങ്ങൾ എത്തിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മാർച്ച് 31 വരെ സപ്ലൈകോ ഓൺലൈൻ ബില്ലുകൾക്ക് അഞ്ച് ശതമാനം വിലക്കിഴിവു ലഭിക്കും. സൗജന്യ സമ്മാനവും ഉണ്ടായിരിക്കും. സംസ്ഥാനത്തെ അഞ്ചൂറിലധികം സൂപ്പർമാർക്കറ്റുകളിൽ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും മാർച്ച് അവസാനത്തോടെ ആരംഭിക്കും. തിരുവനന്തപുരം ,കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
സി എഫ് ആർ ഡി – സി എഫ് ടി കെ മൊബൈൽ ആപ്പിന്റെ സമർപ്പണവും ഇതോടനുബന്ധിച്ച് നടക്കും. ആലപ്പുഴ എടത്വയിലെ നവീകരിച്ച മാവേലി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവ്വഹിക്കും.