സൗമ്യ ഇനി കേരള പോലീസിനൊപ്പം

തൃശൂര്‍ : പാലപ്പളളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അച്ഛന്റെ സ്വപ്നങ്ങള്‍ നിറവേറ്റി സൗമ്യ ഇനി കേരള പോലീസിനൊപ്പം. തൃശൂര്‍ ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ സബ്‌ ഇന്‍സ്‌പെക്ടറായി സൗമ്യ ചരിത്രം കുറിക്കുന്നു. നേരിട്ട്‌ പി.എസ്‌.സി പരീക്ഷയെഴുതിയാണ്‌ സൗമ്യ സബ്‌ ഇന്‍സ്‌പെക്ടറാകുന്നത്‌. അപ്പോഴും അച്ഛന്റെ വേര്‍പാട്‌ ഒരു കനലായി ഉളളിലുണ്ട് 2021 ജനുവരി 18നാണ്‌ ആദിവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് കൂടിയായ ഉണ്ണിച്ചെക്കനെ കാട്ടാന കുത്തിക്കൊന്നത്‌.

പാലപ്പിളളി എലിക്കോട്‌ ആദിവാസി കോളനിയിലെ മലയ വിഭാഗക്കാരായ ഉണ്ണിച്ചക്കന്‍രെയും മണിയുടെയും മകളാണ്‌ സൗമ്യ. മകളെ ഉയരങ്ങളിലെത്തിക്കണമെന്നായിരുന്നു ഉണ്ണിച്ചക്കന്റെ ആഗ്രഹം. കാടിനോടും വന്യ ജീവികളോടും പൊരുതി മകളെ പഠിപ്പിച്ചു. സര്‍ക്കാരും പട്ടികവര്‍ഗ വകുപ്പും തുണച്ചപ്പോള്‍ സൗമ്യ സാമ്പത്തിക ശാസ്‌ത്രത്തില്‍ പിജി നേടി . പി.എസ്‌.സി വഴി ആദ്യം വടക്കാഞ്ചേരി റെയ്‌ഞ്ചില്‍ പൂക്കോട്‌ ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസറായി. തുടര്‍ന്ന്‌ എളനാട്‌ തൃക്കണായ യുപി സ്‌കൂള്‍ അദ്ധ്യാപികയായി .2020 ഒക്ടോബര്‍ 30ന്‌ പോലീസ്‌ അക്കാദമിയില്‍ പരിശീലനത്തിന്‌ ചേര്‍ന്നു.

പോലീസ്‌ സേനയുടെ ഭാഗമായ ആഹ്ലാദ നിമിഷം കാണാന്‍ അച്ഛന്‍ കൂടെയില്ലെന്ന വേദനയിലാണ്‌ സൗമ്യ. പക്ഷെ അച്ഛന്റെ സ്ഥാനത്തുനിന്ന്‌ യു.പി മാമന്‍ (സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം യുപി.ജോസഫ്‌ ) അനുഗ്രഹിക്കാനെത്തിയത്‌ സന്തോഷമായി. അരിമ്പൂര്‍ നാലാംകല്ല്‌ തറയില്‍ സുബിനാണ്‌ ഭര്‍ത്താവ്‌ വെളളിയാഴ്‌ച ഇവരുടെ അഞ്ചാം വിവാഹ വാര്‍ഷികമാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →