ന്യൂഡല്‍ഹി : റിപ്പോ, റിവേഴ്സ് നിരക്കുകളില്‍ ഇത്തവണയും മാറ്റമില്ല. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. 2020 മെയ് മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. തുടര്‍ച്ചയായ പത്താമത്തെ തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റംവരുത്താത്ത ത്.സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടതിനാലാണ് നിരക്കുകളില്‍ മാറ്റം വരുത്താത്തതെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും 4.5 ശതമാനമായിരിക്കും പണപ്പെരുപ്പ നിരക്കെന്നുമാണ് വിലയിരുത്തല്‍. പണപ്പെരുപ്പ പരിധി 2-6ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ ആഘാതത്തെ ചെറുക്കാന്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളില്‍നിന്ന് ഘട്ടംഘട്ടമായി പിന്മാറിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നുവെങ്കിലും നിരക്കുകളില്‍ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തളര്‍ന്ന സാമ്പത്തിക രംഗം പൂര്‍ണതോതില്‍ തിരിച്ചുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസംസ്‌കൃത എണ്ണവില വര്‍ധന ഉള്‍പ്പെടെയുള്ള ആഗോള സാഹചര്യം സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനു തടസമായി നില്‍ക്കുന്നുണ്ട്. കോവിഡിനു മുന്‍പുള്ള അവസ്ഥയിലേക്കുള്ള തിരിച്ചുവരവിന് സമയമെടുക്കുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ പറഞ്ഞു. നടപ്പു പാദത്തില്‍ പണപ്പെരുപ്പം അനുവദനീയ പരിധിക്കുള്ളിലായിരിക്കുമെന്നാണ് ആര്‍.ബി.ഐ. വിലയിരുത്തല്‍. കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യുടെ രണ്ടു ശതമാനത്തില്‍ താഴെയായിരിക്കും. രൂപ തിരിച്ചുവരവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

