കണ്ണൂർ: ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ വിവിധ പദ്ധതികളുമായി ചിറക്കൽ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഭിന്നശേഷിക്കാരെ കണ്ടെത്തി അവർക്ക് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉപകരണം നൽകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന ക്യാംപ് നടത്തി. കിടപ്പിലായവരെയും നേരിട്ട് വരുന്നതിന് ബുദ്ധിമുട്ടുള്ളവരെയും പഞ്ചായത്തിന്റെ കീഴിൽ വീട്ടിലെത്തി പരിശോധന നടത്തും. ഇലക്ട്രിക്കൽ വീൽചെയർ ഉൾപ്പെടെയുള്ള എല്ലാവിധ ഉപകരണങ്ങളും നൽകുന്നതിനായാണ് പരിശോധനാ ക്യാംപ് നടത്തിയത്. ശരീരത്തിന്റെ 60 ശതമാനം തളർച്ചയിലായവരേയും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരേയും ആദ്യഘട്ടത്തിൽ പരിഗണിക്കും. മാർച്ചിനകം ആദ്യഘട്ട മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ക്യാംപിൽ രണ്ടു ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
കണ്ണൂർ: ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് ചിറക്കൽ
