തിരുവനന്തപുരം : കണ്ണൂര്‍ തലശേരി ഗവ.ജനറല്‍ ആശുപത്രിയില്‍ മസ്‌തിഷ്‌ക മരണമടഞ്ഞ 53 വയസുകാരി പി.വനജയുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്കായി ദാനം ചെയ്‌തു. കരള്‍,രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലം, എന്നിവയാണ് ദാനം ചെയ്‌തത്. കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്കുപുറമേ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായാണ് മസ്‌തിഷ്‌ക മരണം സംഭവിച്ച ആളില്‍ നിന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്നത്.
കണ്ണൂര്‍ അഞ്ചരകണ്ടി ചെറിയവളപ്പ് മധുവനം സ്വദേശിനിയാണ് വനജ. 2022 ഫെബ്രൂവരി 4 വെളളിയാാഴ്‌ച ചില അസ്വസ്ഥതകളെ തുടര്‍ന്ന് വനജയെ കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലാവുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ അറിയിച്ചു. തുടര്‍ന്നാണ് തലശേരി ജനറല്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.
മസ്‌തിഷ്‌ക മരണമടഞ്ഞ വനജയുടെ ബന്ധുക്കള്‍ അവയവ ദാനത്തിന് തയാറാവുകയായിരുന്നു. കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവ ദാന പദ്ധതിയായ മൃതസഞ്‌ജീവിനി (കെഎന്‍ഒഎസ്) വഴിയാണ് വയവദാന പ്രക്രിയ നടത്തിയത്. വളരെ വിഷമകരമായ അന്തരീക്ഷത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന ഭര്‍ത്താവ് രാജനെയും കുടുംബാംഗങ്ങളെയും ആദരവറിയിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയക്ക് മുന്‍കൈ എടുത്ത ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ആശാ ദേവിയെ മന്ത്രി അഭിനന്ദിച്ചു.

