പത്തനംതിട്ട: കഴിഞ്ഞ ഒരാഴ്ചക്കിടെ അടൂർ നഗരസഭയിലെ മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിൽ അട്ടിമറിയുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം. 2022 ജനുവരി 28 വെള്ളിയാഴ്ച്ച അടൂർ നഗരസഭയുടെ പാർക്കിങ്ങ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾക്ക് തീപിടിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് മുനിസിപ്പൽ എഞ്ചിനീയറുടെ കാറിന് തീ പിടിച്ചത്. മൂന്ന് മണിക്കൂറുകൾക്ക് ശേഷം ആരോഗ്യ വിഭാഗത്തിന്റെ വാഹനത്തിനും തീ പിടിച്ചു. ആദ്യ സംഭവത്തിൽ അസ്വാഭാവികതകൾ ഒന്നും തോന്നിയില്ലെങ്കിലും രണ്ടാമതും ആവർത്തിച്ചപ്പോഴാണ് സംശയങ്ങൾക്കിടയാക്കിയത്.
ഒരാഴ്ക്കിപ്പുറം വീണ്ടും മറ്റൊരു വാഹനം കൂടി അഗ്നിക്ക് ഇരയായപ്പോഴാണ് കൂടുതൽ സംശയങ്ങളിലേക്ക് നയിച്ചത്.ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ തീ കത്തിക്കാൻ മറ്റ് രാസവസ്തുക്കൾ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നിൽ ഒരാൾ തന്നെയാണെന്നാണ് പൊലീസിന്റെ സംശയം. അടൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സിസിടിവികൾ ഒന്നുമില്ലാത്ത ഒഴിഞ്ഞ പ്രദേശമായതിനാൽ തെളിവുകളൊന്നും കിട്ടിയിട്ടില്ല. സംഭവത്തിൽ നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകാൻ വൈകിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

