ഭാരത സംഗീതത്തിന്റെ വാനമ്പാടി എന്ന് അറിയപെട്ടിരുന്ന പ്രശസ്ത ചലചിത്ര പിന്നണി ഗായിക ലതാ മങ്കേഷ്കർ കോവിഡ് എന്ന മാഹാമാരിക്ക് മുന്നിൽ കീഴടങ്ങി
ഈ ലോകത്തോട് വിട പറഞ്ഞു.
1929 സപ്തംബർ 28 ന് ഇൻഡോറിലെ ഒരു കൊങ്കിണി കുടുംബത്തിൽ ജനിച്ചു. മറാത്ത നാടക ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കർ ശുദ്ധ മാതി ദമ്പതികളുടെ ആറു മക്കളിൽ മൂത്ത മകളായ ലത മങ്കേഷ്കറുടെ ആദ്യ പേര് ഹേമ എന്നായിരുന്നു. പിന്നീട് അച്ഛനായ ദീനനാഥിന്റെ ഭാവ് ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപെടുത്തി കൊണ്ടാണ് ലത എന്ന പേര് സ്വീകരിച്ചത്.
പിതാവിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ലത അത് തന്റെ അഞ്ചാമത്തെ വയസ്സുമുതൽ മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. തന്റെ പതിമൂന്നാം വയസ്സിൽ അച്ഛൻ മരിച്ചപ്പോൾ തന്റെ കുടുംബത്തിനുവേണ്ടി ലത അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു. എന്നാൽ അഭിനയത്തേക്കാളുപരി സംഗീതത്തോട് ആയിരുന്നു ലതക്ക് പ്രിയം. അതുകൊണ്ടുതന്നെ അഭിനയം വിട്ടു സംഗീതത്തിലേക്ക് വരികയായിരുന്നു. കിടിഹസാൽ എന്ന മറാത്തി ചിത്രത്തിൽ 1942 ൽ ആദ്യമായി നാച്ചു യാഗാഥേ, ഗേലു നാമണി ഹാസ് ബാരി എന്ന ഗാനം ആലപിച്ചുവെങ്കിലും ഈ ഗാനം സിനിമയിൽ നിന്നും നീക്കപെടുകയായിരുന്നു. എങ്കിലും അതേ വർഷം തന്നെ പാഹിലി മംഗള ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും അതേ ചിത്രത്തിലെ ചൈത്രാചി നവാലായി എന്ന ഗാനം ആലപിക്കുകയും ചെയ്തു. ഗജാബഹു എന്ന ചിത്രത്തിലെ മാതാ ഏക്സബൂത് എന്ന ഗാനമാണ് ലത ആദ്യമായി ഹിന്ദിയിൽ ആലപിച്ചത്. എന്നാൽ ബോംബെ ടാക്കീസിന് വേണ്ടി 1948 ൽ നസീർ അജ്മീരി സംവിധാനം ചെയ്ത മജ്ബൂർ എന്ന ചിത്രത്തിൽ ഗുലാം ഹൈദർ സംഗീത സംവിധനം നിർവ്വഹിച്ച മേരാ ദിൽ തോഡ എന്ന ഗാനത്തിലൂടെയാണ് ലതാ മങ്കേഷ്കർ ഗായിക എന്ന നിലയിൽ അറിയപെടാൻ തുടങ്ങിയത്.
പിന്നീട് പതിനഞ്ച് ഭാഷകളിലായ മുപ്പതിനായിരത്തിൽപരം സിനിമാഗാനങ്ങൾ ആലപിച്ച ആ ശബ്ദ മാധുര്യത്തിലൂടെ ഭാരതത്തിന്റെ വാനമ്പാടിയായി മാറി. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപെട്ടവരുടെ കൂട്ടത്തിൽ ലതാ മങ്കേഷ്കറുടെ പേരും കൊത്തിവെച്ചു. നെല്ല് എന്ന ചിത്രത്തിലെ കദളി ചെങ്കദളി പൂവേണോ എന്ന ഒരേയൊരു ഗാനമാണ് മലയാളത്തിൽ ലത പാടിയത്.
1969 ൽ പത്മഭൂഷൺ, 1989 ൽ ദാദാ സാഹിബ് ഫാൽകെ അവാർഡ്,1999 ൽ പത്മവിഭൂഷൺ, 2001 ൽ ഭാരതരത്നം അവാർഡ്, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവർഡുകൾ എന്നി സ്വന്തമാക്കിയിട്ടുണ്ട്
1999 ൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപെട്ടതിന് ശേഷമാണ് 2001 ൽ ഭാരതരത്നം അവാർഡ് ലഭിച്ചത്.
ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ് ലെ, ഉഷാമങ്കേഷ്കർ, മീന മങ്കേഷ്കർ എന്നിവർ ലത മങ്കേഷ്കറുടെ സഹോദരങ്ങളാണ്. 1999 നവംബർ 22 മുതൽ 2005 നവംബർ 21 വരെ രാജ്യസഭാംഗമായിരുന്നു.
2022 ജനുവരി 8 ന് കോവിഡ് ബാധിച്ചതിനാൽ ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതോടൊപ്പം ന്യൂമോണിയയും പിടിപെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിലെ ഐസിയുവിലായിരുന്നു. ഏഴ് ദശാബ്ദ കാലത്തോളം തന്റെ മാധുര്യമാർന്ന സ്വരത്തിലൂടെ ലോകത്തിന്റെ വാനമ്പാടിയായ ലതാ മങ്കേഷ്കർ 2022 ഫെബ്രുവരി 6 ന് തന്റെ തെണ്ണൂറ്റിരണ്ടാം വയസിൽ നാദങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി.
ആ നാദവും നിലച്ചു. എങ്കിലും പാടി തീർത്ത ഗാനങ്ങളിലൂടെ എല്ലാ കാലത്തും ഇവിടെ ജീവിക്കും.