ബാങ്കിൽ അടക്കാൻ നൽകിയ പണത്തിൽ മൂന്നു ലക്ഷം രൂപയോളം തിരിമറി നടത്തിയതായി വീട്ടമ്മമാർ

മാന്നാർ: സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത വനിതാ ഗ്രൂപ്പുകളിലെ അംഗങ്ങൾ തിരിച്ചടവിനായി നൽകിയ തുക ബാങ്കിലടക്കാത്തതിനെ തുടർന്ന് കട ബാധ്യതയിലായ വീട്ടമ്മമാർ പരാതിയുമായി രംഗത്ത്. മാന്നാർ കുട്ടമ്പേരൂർ 1654-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്നും പത്ത് പേർ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് 10 ലക്ഷം രൂപ വായ്പയെടുത്ത നവപ്രഭ, ദിവ്യജ്യോതി ഗ്രൂപ്പുകളിലെ അംഗങ്ങളാണ് പരാതിയുമായി എത്തിയത്. ഭാരവാഹികളായ സ്മിത, രമ, ഓമന, സൂര്യ എന്നിവർക്കെതിരെയാണ് ആരോപണം.

ബാങ്കിൽ പണം അടക്കാനായി നൽകിയതിൽ മൂന്നു ലക്ഷം രൂപയോളം തിരിമറി നടത്തിയതായി വീട്ടമ്മമാരായ ശോഭ തങ്കമണി, ഷൈനി, അജിത, വാസന്തി, ഓമന എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്കിൽ യാഥാസമയം തുക അടക്കാതിരുന്നതിനെ തുടർന്ന് ഗ്രൂപ്പ് അംഗങ്ങൾക്ക് ബാങ്ക് നോട്ടിസ് അയച്ചതോടെയാണ് തിരിമറി അറിഞ്ഞത്. മാന്നാർ പഞ്ചായത്ത് ഒൻപതാം വാർഡിൽ മിനി ഫാക്ടറി ഭാഗത്തെ താമസക്കാരാണ് ഇരുഗ്രൂപ്പിലെയും അംഗങ്ങൾ. അമ്പതിനായിരം രൂപ വായ്പയെടുത്തതിൽ നാൽപതിനായിരത്തോളം തിരിച്ചടച്ച് കഴിഞ്ഞു. 35000 രൂപ ഇനിയും അടക്കണമെന്ന ബാങ്ക് നോട്ടീസ് കൈപറ്റിയ അംഗങ്ങൾ ബാങ്കിനെ സമീപിച്ചപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. അടക്കാൻ തുക ബാങ്കിന് ലഭിച്ചില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

തുടർന്ന് തിരിമറി നടത്തിയ ഭാരവാഹികൾക്കെതിരെ ഗ്രൂപ്പ് അംഗങ്ങൾ മാന്നാർ പോലിസിൽ പരാതി നൽകി. കുടിശ്ശിക തുക അടക്കാമെന്ന് ഇവർ ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല. പിന്നീട് ചെങ്ങന്നൂർ ഡിവൈഎസ്പിക്കും പരാതി നൽകി. തൊഴിലുറപ്പു ജോലിയും വീട്ടു ജോലി ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്ന തങ്ങളെ വഞ്ചിച്ചവർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും ഇനി ആർക്കും ഈ ഗതി വരരുതെന്നും വീട്ടമ്മമാർ കണ്ണീരോടെ പറയുന്നു.

സ്വയം തൊഴിൽ സംരംഭത്തിനായി സ്ത്രീ കൂട്ടായ്മകൾക്ക് എസ് എച്ച് ഗ്രൂപ്പ് എന്ന പേരിൽ പരസ്പര ജാമ്യവ്യവസ്ഥയിൽ ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം നവംബർ 2017 മുതൽ 1654-ാം നമ്പർ കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും ലോൺ നൽകുന്നുണ്ട്. പത്തുപേരടങ്ങുന്ന സംഘങ്ങളായി ഇതുവരെ 198 ഗ്രൂപ്പുകളാണ് രജിസ്റ്റർ ചെയ്ത് ഈ ലോൺ വ്യവസ്ഥയിൽ ഭാഗമായിട്ടുള്ളതെന്ന് കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.കെ പ്രസാദ് അറിയിച്ചു. ഇതിൽ ഏകദേശം 15 ഗ്രൂപ്പുകൾ തിരിച്ചടവ് വ്യവസ്ഥകൾ ലംഘിക്കുകയും കുടിശ്ശിക വരുത്തിയിട്ടുമുണ്ട്. അവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായിട്ടാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

നവപ്രഭ, ദിവ്യജ്യോതി എന്നീ ഗ്രൂപ്പുകളിലെ അംഗങ്ങൾ പോലീസിൽ നൽകിയ പരാതി പ്രകാരം അവർ ബാങ്കിൽ അടച്ചതിന്റെ കണക്കുകളും ബാങ്ക് സ്വീകരിക്കുന്ന നിയമ നടപടികളും ഗ്രൂപ്പ് അംഗങ്ങളെ മാന്നാർ എസ് എച്ച് ഒ യുടെ സാന്നിധ്യത്തിൽ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ബോധ്യപ്പെടുത്തിയിട്ടുളളതാണ്. തുടർന്ന് ചില അംഗങ്ങൾ കുടിശ്ശിക അടച്ചതായും അടക്കാത്തവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ബാങ്ക് പ്രസിഡന്റ് ബി.കെ പ്രസാദ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →