തിരുവനന്തപുരം: 17 വർഷങ്ങൾക്ക് ശേഷം കാതലായ പരിഷ്‌കാരങ്ങളോടെ വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കൻഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു. റീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസ്സുകളെ ഇരട്ട മുല്യനിര്‍ണയത്തിന് വിധേയമാക്കും. പ്രായോഗിക പരീക്ഷകള്‍ കുറ്റമറ്റതാക്കാന്‍ നിരീക്ഷണ സ്ക്വാഡ് രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
2005 ല്‍ തയ്യാറാക്കിയ ഹയര്‍ സെക്കൻഡറി പരീക്ഷ മാനുവൽ ആണ് കാലോചിതമായ മാറ്റങ്ങളോടെ പരിഷ്കരിച്ച് ഇപ്പോൾ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്. റീ വാലുവേഷന്‍ സംബന്ധിച്ച് മാനുവലിൽ സമഗ്രമായ മാറ്റം വരുത്തിയിട്ടുണ്ട്. പുനർ മൂല്യനിർണയത്തിന് വിധേയമാക്കുന്ന ഉത്തരക്കടലാസുകളില്‍ 10 ശതമാനം മാര്‍ക്കില്‍ താഴെയാണ് ലഭിക്കുന്നതെങ്കില്‍ ഇരട്ടമൂല്യനിര്‍ണയത്തിന്‍റെ ശരാശരി സ്‌കോർ പരിഗണിക്കും.
പരമാവധി മാർക്കിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസം വന്നാല്‍ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയത്തിന് വിധേയമാക്കും. അതില്‍ ലഭിക്കുന്ന സ്കോറിന്റെയും ഇരട്ട മൂല്യ നിര്‍ണയത്തിലെ സ്കോറിന്‍റേയും ശരാശരി നല്‍കും. പുനർ മൂല്യനിർണയത്തിൽ ലഭിക്കുന്നത് ആദ്യത്തെ മാർക്കിനെക്കാൾ കുറഞ്ഞ സ്‌കോർ ആണെങ്കിൽ ആദ്യം ലഭിച്ച സ്‌കോർ നിലനിര്‍ത്തും.
ഇത് കൂടാതെ, ഹയര്‍ സെക്കൻഡറി പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അധ്യാപകരുടെ പൂള്‍ രൂപീകരിക്കും. പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പറും ഉത്തരസൂചികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. രണ്ടാം വര്‍ഷ തിയറി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നാല്‍, സേ പരീക്ഷയില്‍ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാനും അനുവദിക്കും.

