എറണാകുളം: ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത സ്ഥലമെടുപ്പ് മുന്നേറുന്നു ഇതിനകം വിതരണം ചെയ്തത് 344.39 കോടി രൂപ

എറണാകുളം: ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയില്‍ എറണാകുളം ജില്ലയുടെ പരിധിയിൽ വരുന്ന ഇടപ്പള്ളി – മൂത്തകുന്നം റീച്ചിൽ സ്ഥലമെടുപ്പ് മുന്നേറുന്നു. 24 കിലോമീറ്റർ റോഡ് ആറുവരിയാക്കുന്നതിനായി ഏറ്റെടുക്കുന്ന 30.47 ഹെക്ടർ ഭൂമിയിൽ 5.31 ഹെക്ടർ ഭൂമിക്കുള്ള നഷ്ടപരിഹാരമായി ഇതിനകം 344.39 കോടി രൂപ കൈമാറി. 1139.93 കോടി രൂപയാണ് സ്ഥലമെടുപ്പിനായി ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്നത്. ഭൂരേഖാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മുറയ്ക്കാണ് സ്ഥലം ഏറ്റെടുക്കുന്നത്.

സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നതിന് റോഡ് കടന്നു പോകുന്ന വില്ലേജുകളിൽ സ്ഥലമുടമകള്‍ക്ക് രേഖകള്‍ ഹാജരാക്കുന്നതിനും രേഖാപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. ഇടപ്പള്ളി നോ‍ർത്ത് വില്ലേജിൽ കാറ്റഗറി എയില്‍ വരുന്ന ഭൂമിയ്ക്കാണ് ഏറ്റവും കൂടിയ തുക നഷ്ടപരിഹാരമായി ലഭിച്ചത്. 

ദേശീയ പാത 66 വികസനത്തിന് ഏറ്റവുമധികം ഭൂമി ഏറ്റെടുത്തത് ചേരാനെല്ലൂര്‍ വില്ലേജ് പരിധിയില്‍ ആണ്. ഈ ഭാഗത്തു നിന്നും 1.42 ഹെക്ടര്‍ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തത്. ഇടപ്പള്ളി വില്ലേജ് പരിധിയില്‍ നിന്നും1.39 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു. റോഡ് വികസനത്തിന് ആദ്യം തുടക്കം കുറിക്കുന്നതും ഈ ഭാഗത്താണ്.

ഇടപ്പള്ളി നോർത്ത്, ചേരാനെല്ലൂർ, വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂര്‍, വടക്കേക്കര, മൂത്തകുന്നം വില്ലേജുകളിലൂടെ കടന്നു പോകുന്ന ദേശീയ പാത 66 പ്രദേശത്തിന്റെ  സുസ്ഥിര വികസനത്തിലും ഗതാഗത സംവിധാനത്തിലും കാതലായ മാറ്റങ്ങൾ കൊണ്ട് വരുമെന്നാണ് പ്രതീക്ഷ. നിലവിൽ 10 മീറ്റർ ആണ് ദേശിയ പാതയുടെ വീതി. വർഷങ്ങൾക്ക് മുമ്പ് 30 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്തോട് ചേർന്ന് സ്ഥലം ഏറ്റെടുത്ത് 45 മീറ്റർ വീതിയിലേയ്ക്ക് പാതയുടെ വീതി വർധിപ്പിക്കും. ഇതോടെ ദേശീയ നിലവാരത്തിലേക്ക് ഈ പാതയും ഉയരും.

സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം പ്രഖ്യാപിച്ച ലോക്ക്ഡൗണും കോവിഡ് വ്യാപനവും ഇടക്കാലത്ത് പ്രവര്‍ത്തനങ്ങളുടെ വേഗം കുറച്ചെങ്കിലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആത്മവിശ്വാസത്തോടെയും അര്‍പ്പണബോധത്തോടെയും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതോടെ തുടര്‍ നടപടികള്‍ പരമാവധി വേഗത്തിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →