ഇടുക്കി: കാട്ടാന ആക്രമണത്തിൽ തകർന്ന വീട് പുനർനിർമ്മിയ്ക്കാൻ വനം വകുപ്പ് അനുവദിയ്ക്കുന്നില്ലെന്ന പരാതിയുമായി ഇടുക്കി ചിന്നക്കനാൽ 301 കോളനി നിവാസി ഓമന. വനം വകുപ്പിന്റെ തടസവാദങ്ങൾ തുടർന്നാൽ ജീവനൊടുക്കുമെന്നും ഓമന പറഞ്ഞു. ഒരുമാസം മുൻപാണ് 301 ആദിവാസി കോളനിയിലെ താമസക്കാരിയായ ഓമനയുടെ വീട്, കാട്ടാന തകർത്തത്.
അധികൃതർ തിരിഞ്ഞ് നോക്കാതിരുന്നതോടെ, ഷെഡ് പുനർ നിർമ്മിച്ച് നൽകാൻ സഹായവുമായി നിരവധിയാളുകൾ എത്തി. എന്നാൽ ഷെഡ് പുനർനിർമ്മിയ്ക്കാൻ തുടങ്ങിയതോടെ വനം വകുപ്പ് തടസവുമായി എത്തി. സ്ഥലം വന ഭൂമിയാണെന്നാണ് വനം വകുപ്പിന്റെ നിലപാട്. എന്നാൽ പഞ്ചായത്തിൽ നിന്ന് വീട്ടു നമ്പരും വൈദ്യുതി കണക്ഷനുമുള്ള വീട് പുനർ നിർമ്മിയ്ക്കുന്നതിനാണ് വനം വകുപ്പ് തടസം നിൽക്കുന്നത്.
2003ലാണ് 301 കോളനിയിൽ ആദിവാസികളെ കുടിയിരുത്തിയത്. മലയരയ വിഭാഗത്തിൽപെട്ട ഓമനയ്ക്ക് അന്ന് ഭൂമി ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർ ഇവിടെ കുടിയേറുകയും, ഹൈക്കോടതിയെ സമീപിയ്ക്കുകയും ചെയ്തു. പുനരധിവസിപ്പിയ്ക്കുന്നതുവരെ ഓമനയേയും കുടുംബത്തേയും കുടിയിറക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ട്.
വിവിധ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങിയിട്ടും, ഉത്തരവ് നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഇവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതിനിടെയാണ് വനം വകുപ്പിന്റെ കുടിയിറക്ക് ഭീഷണി. ഷെഡ് പുനർനിർമ്മിയ്ക്കാൻ അനുവദിച്ചില്ലെങ്കിൽ, ജീവിതം അവസാനിപ്പിയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് ഓമന പറയുന്നത്

