തൃശൂര്‍: ജില്ലയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ നടപടികളും ബോധവല്‍ക്കരണവും തുടരുമ്പോഴും പോക്‌സോ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ജില്ലയില്‍ കുട്ടികള്‍ക്കുനേരെ നടന്ന ലൈംഗികാതിക്രമങ്ങളില്‍ 36 പേരെയാണ് പോക്‌സോ കോടതികള്‍ ശിക്ഷിച്ചത്.കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷല്‍ കോടതി 10 പേരെ ശിക്ഷിച്ചപ്പോള്‍ തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 26 പേരെയാണ് ശിക്ഷിച്ചത്.
തൃശൂര്‍ ഫാസ്റ്റ്‌ട്രാക്ക് കോടതി ആരംഭിച്ചതോടെ വിവിധ കോടതികളില്‍ നിന്നുളള 400 കേസുകളാണ് കൈമാറിയത്. ഇതില്‍ 197 കേസുകലാണ് ഇതുവരെ പരിഗണിച്ചത്. ഇതില്‍ 26 പേരെ ശിക്ഷിച്ചപ്പോള്‍ രണ്ടുപേരെ വെറുതേവിട്ടു. ബാക്കി കേസുകളില്‍ ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തുകയാണ് ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1200ലേറെ പോക്‌സോ കേസുകളാണ് ജില്ലയില്‍ പോലീസ് രജിസ്‌റ്റര്‍ ചെയ്‌തത്. കോവിഡിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായ 2020ല്‍പോലും 250 ഓളം കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.
കഴിഞ്ഞ വര്‍ഷം അത് മുന്നൂറിനടുത്തെത്തി. ഓരോവര്‍ഷം ചെല്ലുന്തോറും കേസുകള്‍ കൂടുകയാണ്‌്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ സിറ്റി പോലീസ് പരിധിയില്‍ 136 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തപ്പോള്‍ റുറല്‍ പരിധിയില്‍ 160 കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. 2020ല്‍ സിറ്റി പരിധിയില്‍ 113 ഉം റൂറല്‍ പരിധിയില്‍ 121 ഉം കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തത്.കേസുകളുടെ അ്‌ന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പോലീസ് മുന്‍കാലങ്ങളെ അപേക്ഷിച്ച വളരെ വേഗതയാണ് കൈവരിച്ചിട്ടുളളത്. . കഴിഞഞ ദിവസം വടക്കാഞ്ചേരി പോലീസ് 21 ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിച്ച് റെക്കോര്‍ഡിട്ടിരുന്നു.

