പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു: മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടതായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്നുണ്ടായ കോവിഡ് മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നത് ഇതിന്റെ സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

ജനുവരി 21 നും ഫെബ്രുവരി മൂന്നിനും ഇടയിലുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിദിന കോവിഡ് കേസുകള്‍ 50 ശതമാനം കുറഞ്ഞ് 3,47,254 ല്‍നിന്ന് 1,72,433 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇക്കാലയളവില്‍ 17.94 ശതമാനത്തില്‍നിന്ന് 10.99 ശതമാനമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ടി.പി.ആര്‍. പത്തിനു മുകളിലുള്ള ജില്ലകളുടെ എണ്ണം നാനൂറില്‍നിന്ന് 300 ആയി കുറഞ്ഞു. എന്നാല്‍, മിസോറമിലും കേരളത്തിലും ടി.പി.ആറും കേസുകളും വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തിന്റെ കൊടുമുടിയില്‍ എത്തിയപ്പോള്‍ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ നാല് ലക്ഷം കടന്നിരുന്നു. എന്നാല്‍, മൂന്നാം തരംഗത്തിന്റെ ഉന്നതിയില്‍ ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവ് കാണുന്നു.തരംഗം, വേവ്, പീക്ക് തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. കേസുകള്‍ വര്‍ധിക്കുന്ന ചില മേഖലകള്‍ ഇപ്പോഴുമുണ്ട്. ആകെ കേസുകളുടെ എണ്ണം ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. അതിനാല്‍, കോവിഡ് മാനേജ്മെന്റ് തന്ത്രങ്ങള്‍ ഇനിയും നടപ്പിലാക്കേണ്ടതുണ്ട്”- അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →