ഇടുക്കി: അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍

ഇടുക്കി: അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളും പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് അംഗീകാരം. വനം വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി വിഭാഗത്തിന് നല്‍കി വരുന്ന വിവിധ സേവനങ്ങള്‍, വനത്തിനുള്ളിലെ കുറ്റകൃത്യം തടയുന്നതിനും കണ്ടുപിടിക്കുന്നതിലുമുള്ള മികവ്, മണ്ണൊലിപ്പ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സൗഹൃദ, പൊതുജന സൗഹൃദ ഓഫീസ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഐ എസ് ഒ പ്രതിനിധികള്‍ കഴിഞ്ഞ 3 മാസം നടത്തിയ പരിശോധനയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഈ അംഗീകാരം ലഭിച്ചത്. അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ജില്ലയിലെ ആദ്യത്തെ ഐ എസ് ഒ സര്‍ട്ടിഫൈഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസാണെന്നും നടപടി ക്രമങ്ങളുടെ ഭാഗമായുള്ള സര്‍ട്ടിഫിക്കറ്റ് മൂന്നാം തിയതി ലഭിക്കുമെന്നും അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കെ.വി പറഞ്ഞു.

പഠനാവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടേയും ഇതര ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളുടേയും അറിവിലേക്കായി ഓഫീസ് പരിസരത്ത് നില്‍ക്കുന്ന വൃക്ഷങ്ങളുടേയും സസ്യങ്ങളുടേയും പേര്, ശാസ്ത്രീയനാമം എന്നിവ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. മാലിന്യ സംസ്‌ക്കരണം, മുളവേലി, പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയൊക്കെ തീര്‍ത്ത് ഓഫീസ് പരിസരം ഹരിതാഭമാക്കി. ഓഫീസിന് ഉള്‍വശവും പ്രകൃതി സൗഹൃദമാക്കി. റെയിഞ്ച് പരിധിയില്‍ വരുന്ന ആദിവാസി സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനം മുന്‍നിര്‍ത്തി വനസംരക്ഷണ സമിതികളുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍ എന്നിവ നടത്തുന്നുണ്ട്. ആദിവാസി വിഭാഗക്കാരായ കുട്ടികള്‍ക്ക് പി എസ് സി പരീക്ഷാ പരിശീലനം നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായും വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ രാജു കെ ഫ്രാന്‍സിസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായ രതീഷ് കെ.വി എന്നിവരുടെ മേല്‍നോട്ടത്തിലാണ് അംഗീകാര ലബ്ധിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →