മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിമിത ഓവർ ക്രിക്കറ്റ് പരമ്പരയ്‌ക്ക് മുമ്പ് ഇന്ത്യക്ക് വൻ തിരിച്ചടി. പരമ്പരയ്ക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ കോവിഡ് വ്യാപനം സ്ഥിരീകരിച്ചതാണ് ഇന്ത്യൻ സംഘത്തിന് തിരിച്ചടിയായിരിക്കുന്നത്. മൂന്ന് താരങ്ങളടക്കം ആറ് പേര്‍ കോവിഡ് പോസിറ്റീവ് ആയതായി ബിസിസിഐ അറിയിച്ചു.
സീനിയർ താരം ശിഖര്‍ ധവാന്‍,യുവ താരങ്ങളായ ശ്രേയസ് അയ്യര്‍ ,ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവർക്കും മൂന്ന് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ശിഖര്‍ ധവാന്‍ സീനിയര്‍ ഓപ്പണറും ഋതുരാജ് ഗെയ്‌ക്‌വാദ് റിസര്‍വ് ഓപ്പണറും ശ്രേയസ് അയ്യര്‍ മിഡില്‍-ഓര്‍ഡര്‍ ബാറ്ററുമാണ്.
ബിസിസിഐയുടെ മെഡിക്കല്‍ സംഘം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. കോവിഡ് ബാധിച്ച താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരങ്ങൾ രോഗബാധിതരായതോടെ അനിശ്ചിതത്വത്തിലായ പരമ്പര നീട്ടിവെക്കാൻ ബിസിസിഐ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
വെസ്റ്റിൻഡീസിനെതിരായ ഏകദിന-ടി20 പരമ്പരയിലെ ഏകദിന പരമ്പരയ്ക്കായി 31നാണ് ഇന്ത്യന്‍ താരങ്ങള്‍ അഹമ്മദാബാദിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും രോഗബാധ കണ്ടെത്തിയത്.

