സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടൻ. നിരക്ക് വർധന പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്താക്കണമെന്നാണ് ശിപാർശ. ഉയര്‍ന്ന ഇന്ധനവിലയും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലും നട്ടം തിരിയുകയാണ് സ്വകാര്യ ബസുകള്‍.

മിനിമം നിരക്ക് 12 രൂപയാണ് അവര്‍ ആവശ്യപ്പെടുന്നത്. ജസ്റ്റിസ് എം.രാമചന്ദ്രന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും മിനിമം ചാര്‍ജ് 10 രൂപയായി ഉയര്‍ത്തണമെന്നാണ്. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാം.

നിലവില്‍ ഇത് 70 പൈസയാണ്. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് 6 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കമ്മിഷന്‍ ഇത് 5 രൂപയെന്നാണ് ശിപാര്‍ശ ചെയ്തതത്. ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യ യാത്ര നല്‍കണമെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സര്‍ക്കാര്‍ അതില്‍ നയപരമായി തീരുമാനമെടുക്കട്ടെയെന്നാണ് കമ്മീഷന്‍ നിലപാട്. രാത്രിയാത്രക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാമെന്നാണ് കമ്മീഷന്‍ ശിപാര്‍ശ. മിനിമം ചാര്‍ജ് 14 രൂപയാണ് മുന്നോട്ടുവയ്ക്കുന്നത്. ഗതാഗത സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രി വന്ന ശേഷമാകും ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →