കീവ്/ബ്രസല്‍സ്: യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യയുടെ സൈനികവിന്യാസത്തിനു മറുപടിയായി കിഴക്കന്‍ യൂറോപ്പിലേക്കു കൂടുതല്‍ പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയച്ച് നാറ്റോ സൈനിക സഖ്യം. അധിനിവേശം നടത്തുമെന്ന അഭ്യൂഹം റഷ്യ നിഷേധിക്കുന്നുണ്ടെങ്കിലും നീക്കം നേരിടാന്‍ തയാറെടുക്കുകയാണ് യൂറോപ്പ്. യുക്രൈന്‍ അതിര്‍ത്തിക്കു തൊട്ടടുത്ത് ഒരു ലക്ഷത്തോളം െസെനികരെയാണു റഷ്യ വിന്യസിച്ചിരിക്കുന്നത്.റഷ്യന്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുക്രൈന്‍ എംബസിയിലെ സ്റ്റാഫിനെയും ആശ്രിതരെയും പിന്‍വലിക്കുകയാണെന്നു ബ്രിട്ടന്‍ വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളുടെ കുടുംബാംഗങ്ങളോടു യുക്രൈന്‍ വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. റഷ്യയുടെ െസെനികനീക്കം ഏതു സമയവും ഉണ്ടാകാമെന്നു യു.എസ്. എംബസി വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി. അത്തരമൊരു സന്ദര്‍ഭമുണ്ടായാല്‍ അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാനാകുന്നസാഹചര്യത്തിലായിരിക്കില്ല അധികൃതര്‍ക്കെന്നും അതനുസരിച്ചു യുക്രൈനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ മുന്‍കരുതലെടുക്കണമെന്നും എംബസി നിര്‍ദേശിച്ചു. കീവിലുള്ള യു.എസ്. എംബസിയിലെ നയതന്ത്ര പ്രതിനിധികള്‍ക്ക് ആഗ്രഹിക്കുന്ന പക്ഷം മടങ്ങാമെന്നും അവര്‍ വ്യക്തമാക്കി.യുക്രൈന്‍ നാറ്റോ െസെനിക സഖ്യത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്നും ശീതയുദ്ധകാലത്തിനുശേഷം നാറ്റോയുടെ ഭാഗമായ കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍നിന്നു െസെനികരെയും ആയുധങ്ങളും പിന്‍വലിക്കണമെന്നുമുള്ള റഷ്യയുടെ നിബന്ധനകളാണു നിലവിലെ സംഘര്‍ഷത്തിന്റെ കാരണം. ഈ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കാത്ത അമേരിക്ക ആയുധ നിയന്ത്രണവും മിസൈല്‍ വിന്യാസവും അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാകാം എന്ന നിലപാടിലാണ്. തങ്ങളുടെ ആവശ്യങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പ് ഈയാഴ്ച ഉണ്ടാകണമെന്നാണ് റഷ്യന്‍ നിലപാട്.കഴിഞ്ഞ വെള്ളിയാഴ്ച നടന്ന യു.എസ്-റഷ്യ ചര്‍ച്ച കാര്യമായ പുരോഗതിയുണ്ടാക്കിയില്ല. അതോടെ രാജ്യാന്തര ഇന്ധന വില കുതിച്ചുയര്‍ന്നിട്ടുണ്ട്.