ലഖ്നോ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമാജ്വാദി പാര്‍ട്ടി (എസ്പി) പുറത്തിറക്കി. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കര്‍ഹാലില്‍ നിന്ന് മല്‍സരിക്കും. ജയിലില്‍ കിടക്കുന്ന എംപി അസം ഖാനെ രാംപൂര്‍ സീറ്റില്‍ നിന്നും മകന് അബ്ദുല്ല അസം ഖാനെ സുവാറില്‍ നിന്നും പാര്‍ട്ടി മല്‍സരിപ്പിക്കും. നിലവില്‍ അസം ഖാന്റെ ഭാര്യ തന്‍സീന്‍ ഫാത്തിമയാണ് രാംപൂര്‍ കൈവശം വച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25 വയസ്സില്‍ താഴെ പ്രായമുള്ള അബ്ദുള്ള എംഎല്‍എയാവുകയും പിന്നീട് അയോഗ്യനാക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് സുവാര്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ അദ്ദേഹം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്.എസ്പി ശക്തികേന്ദ്രമായ മെയിന്‍പുരിയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് അഖിലേഷ് മല്‍സരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ അമ്മാവനും പ്രഗതിശീല് സമാജ് വാദി പാര്‍ട്ടി (ലോഹ്യ) നേതാവുമായ ശിവ്പാല്‍ യാദവ് ഇറ്റാവ ജില്ലയിലെ ജസ്വന്ത്നഗറില് നിന്ന് മല്‍സരിക്കും. ജനുവരി 13ന് ബിജെപി വിട്ട് എസ്പിയില് ചേര്‍ന്ന ആയുഷ് മന്ത്രിയും എംഎല്‍എയുമായ ധരം സിങ് സൈനിയെ സഹരന്‍പൂരിലെ നകൂര് മണ്ഡലത്തില്‍ നിന്ന് മല്‍സരിപ്പിക്കും. ബറേലി കന്റോണ്‍മെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വന്ന സുപ്രിയ ആരോണിനെയാണ് എസ്പി മല്‍സരിപ്പിക്കുക. ജനുവരി 13 ന് പുറത്തിറക്കിയ പാര്‍ട്ടിയുടെ ആദ്യ പട്ടികയില്‍ കോണ്‍ഗ്രസ് അവരുടെ പേര് പ്രഖ്യാപിച്ചിട്ടും ആരോണ്‍ ശനിയാഴ്ച എസ്പിയില് ചേരുകയായിരുന്നു. ആരോണിനൊപ്പം അവരുടെ ഭര്‍ത്താവും ബറേലിയില്‍ നിന്നുള്ള മുന്‍ എംപിയുമായ പ്രവീണ്‍ സിങ് ആരോണും എസ്പിയില് ചേര്‍ന്നിരുന്നു. ലഖിംപൂര്‍ ഖേരിയിലെ നിഘസന്‍ മണ്ഡലത്തില്‍ നിന്ന് മുന്‍ യുപി ബിഎസ്പി അധ്യക്ഷന്‍ ആര്‍എസ് കുശ്വാഹ മല്‍സരിക്കും. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ബിഎസ്പി വിട്ട് എസ്പിയില് ചേര്‍ന്നത്.
അഖിലേഷ് യാദവ് കര്‍ഹാലില്‍ മല്‍സരിക്കും: 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി
