നഷ്ടക്കെണിയില്‍ വിപണി

മുംബൈ: നഷ്ടക്കെണിയില്‍നിന്നു കരകയറാനാകതെ വിപണി. മൂന്നാഴ്ച്ചയിലെ ഏറ്റവും മോശം നിലയിലേക്കാണ് തിങ്കളാഴ്ച ഓഹരി സൂചികകള്‍ കൂപ്പുകുത്തിയത്. തിങ്കളാഴ്ച മാത്രം നിക്ഷേപകരുടെ ആസ്തി 10 ലക്ഷം കോടി രൂപയോളം കുറഞ്ഞു. സെന്‍സെക്സും നിഫ്റ്റിയും മൂന്നു ശതമാനത്തോളം ഇടിഞ്ഞു. സെന്‍സെക്സ് 1545.67 പോയിന്റ് നഷ്ടത്തില്‍ 57491.51 പോയിന്റിലെത്തി.നിഫ്റ്റി 468.05 പോയിന്റ് ഇടിഞ്ഞ് 17149.10 പോയിന്റിലെത്തി. ആഗോള വിപണി ദുര്‍ബലമായതും മൂന്നാം പാദ ഫലങ്ങളും ബജറ്റിന് മുന്നോടിയായുള്ള ആശയക്കുഴപ്പങ്ങളും വന്‍ വിറ്റഴിക്കലിലേക്ക് വിപണിയെ നയിച്ചതാണ് സൂചികകളിലെ തകര്‍ച്ചയ്ക്ക് വഴിവെച്ചത്. അഞ്ചുദിവസംകൊണ്ട് 17 ലക്ഷം കോടി രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായി.സെന്‍സെക്സിന്റെ ഭാഗമായ 30 ഓഹരികളില്‍ 18 എണ്ണത്തിനും രണ്ട് ശതമാനത്തിലധികം നഷ്ടമുണ്ടായി.

ബജാജ് ഫിനാന്‍സ് 6.24 ശതമാനം ഇടിഞ്ഞ് 6913.15 രൂപയായി. ടാറ്റ സ്റ്റീല്‍ 5.91 ശതമാനം ഇടിഞ്ഞ് 1100.00 രൂപയിലെത്തി. ഐടി ഓഹരികള്‍ കനത്ത വില്‍പന സമ്മര്‍ദ്ദത്തിലായിരുന്നു. ടെക് മഹീന്ദ്ര 5.35 ശതമാനം കുറഞ്ഞ് 1508.85 രൂപയായി. വിപ്രോ 5.44 ശതമാനം ഇടിവോടെ 572.30 രൂപയായി. എച്ച്.സി.എല്‍. ടെക്നോളജീസ് 3.87 ശതമാനം ഇടിഞ്ഞ് 1122.60 രൂപയായും ഇന്‍ഫോസിസ് 2.87 ശതമാനം ഇടിഞ്ഞ് 1734.75 രൂപയിലുമെത്തി. ഹെവിവെയ്റ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 4.06 ശതമാനം ഇടിഞ്ഞ് 2377.55 രൂപയായി. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ നാല് ശതമാനം വീതവും ഇടിവ് രേഖപ്പെടുത്തി.

നിഫ്റ്റിയില്‍ ജെ.എസ്.ഡബ്ല്യു. സ്റ്റീല്‍, ബജാജ് ഫിനാന്‍സ് എന്നിവ ആറ് ശതമാനം വീതം നഷ്ടത്തിലായി. ടാറ്റ സ്റ്റീല്‍, ഗ്രാസിം, ഹിന്‍ഡാല്‍കോ എന്നിവയും നഷ്ടത്തിലായ ഓഹരികളില്‍ ഉള്‍പ്പെടുന്നു. സിപ്ലയും ഒ.എന്‍.ജി.സിയും മാത്രമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി 50 ല്‍ രണ്ട് ഓഹരികള്‍ മാത്രമാണ് മുന്നേറിയത്. ബാക്കിയുള്ള 48 ഓഹരികളുടെയും മൂല്യം ഇടിഞ്ഞു.വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതും കോവിഡ് സാമ്പത്തിക പാക്കേജുകളില്‍നിന്ന് പിന്മാറാനുള്ള തീരുമാനവുമാണ് വിപണിയെ സ്വാധീനിച്ചത്. വിപണിയിലേയ്ക്കുള്ള പണമൊഴുക്ക് നിലയ്ക്കുന്നതോടെ ഓഹരിയില്‍നിന്നുള്ള നിക്ഷേപകരുടെ പിന്മാറ്റത്തിനു വേഗമേറും. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ യോഗതീരുമാനങ്ങള്‍ പുറത്തുവരുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത കൈവരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →