കോഴിക്കോട് ജില്ലാ ടിബി കേന്ദ്രം അനുബന്ധ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കോഴിക്കോട് ജില്ലയില്‍ ക്ഷയരോഗ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ നേതൃത്വം നൽകി വരുന്ന സ്ഥാപനമാണ് ജില്ലാ ടിബി കേന്ദ്രമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തു നിന്നും 2025 ഓടു കൂടി ക്ഷയരോഗം നിർമാർജനം ചെയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി അക്ഷയകേരളം പദ്ധതിയിലൂടെ നല്ല ഇടപെടലുകളാണ് നടക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയിൽ കേരളം നിശ്ചിത ലക്ഷ്യങ്ങൾ മുൻനിർത്തി ശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ക്ഷയരോഗം ഉൾപ്പെടെയുള്ള രോഗങ്ങളെ നിർമാർജനം ചെയ്യുക, ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾ വരാനുള്ള സാധ്യതകൾ കൃത്യമായി വിശകലനം ചെയ്ത് ചിട്ടയായ ജീവിതക്രമത്തിലൂടെ ജീവിത ശൈലീ രോഗമുള്ളവരുടെ എണ്ണം കുറക്കുക എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രമേഹരോഗികൾക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ ഇവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് പശ്ചാത്തലത്തിലും ഇത്തരം ബോധവൽകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട അനുബന്ധ കെട്ടിടം സിബി നാറ്റ് ഉള്‍പ്പെടെ ഉള്ള പരിശോധന സംവിധാനങ്ങള്‍ ഒരുക്കുന്നതിനും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എന്‍.ടി.ഇ.പി പരിശീലന പരിപാടികള്‍ നല്‍കുന്നതിനും മുതല്‍ക്കൂട്ടാവുമെന്നും ക്ഷയ രോഗമുക്ത
കേരളത്തിനായുള്ള ജില്ലയിലെ അക്ഷയ കേരളം പദ്ധതിയുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് പ്രതിസന്ധിയിലും ഇപ്പോൾ ഒമിക്രോൺ ഭീതിക്കിടയിലും അഹോരാത്രം ജോലി നിർവഹിക്കുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. നാഷണല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ മന്ത്രി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഗെയ്ല്‍ ഇന്‍ഡ്യാ ലിമിറ്റഡ് ജില്ലാ ടിബി സെന്ററിന് സംഭാവന ചെയ്ത മൊബൈല്‍ എക്‌സ്‌റേ യൂണിറ്റിന്റെ ഉദ്ഘാടനവും ക്ഷയരോഗ ബോധവൽകരണവുമായി ബന്ധപ്പെട്ട് നിര്‍മിച്ച ‘ആരോഗ്യ ചിന്ത’ ഷോര്‍ട് ഫിലിമിന്റെ പ്രകാശനവും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.
കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി. ജനമൈത്രി പോലീസ് ജില്ലാ ടിബി സെന്ററിന് നല്കിയ ഓക്‌സിജന്‍ കോണ്‍സൻട്രേറ്ററിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.റെനീഷ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഉമ്മര്‍ ഫാറൂഖ്, ജില്ലാ ടിബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി.പ്രമോദ് കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, ഗൈല്‍ ഇന്‍ഡ്യാ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇ.കെ.രാജീവ് കുമാര്‍, വിജു എം.നായര്‍, ജനമൈത്രി സിവില്‍ പോലീസ് ഓഫീസര്‍ സുനിത, ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.കെ.സി.രമേഷ് എന്നിവര്‍ സംസാരിച്ചു.

