കൊച്ചി: കെ-റെയിലിനെ വിമർശിച്ച് കവിതയെഴുതിയതിന് സൈബർ ആക്രമണം നേരിടുന്ന ഗാനരചയിതാവ് റഫീഖ് അഹമ്മദിന് ഐക്യദാർഢ്യവുമായി എഴുത്തുകാരി സാറാ ജോസഫ്. താനും കെ-റെയിലിന് എതിരാണെന്നും ഇക്കാര്യത്തിൽ റഫീഖ് അഹമ്മദ് ഒറ്റയ്ക്കല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ അവർ പറഞ്ഞു. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.
കേരളത്തിന് അപരിഹാര്യമായ പാരിസ്ഥിതികാഘാതം വരുത്തിവയ്ക്കാൻ പോകുന്ന പദ്ധതിയാണ് കെ-റെയിലെന്നും അതിനോടുള്ള എന്റെ ശക്തമായ എതിർപ്പ് അറിയിക്കുന്നുവെന്നും അവർ പറഞ്ഞു. ”ഇതൊരു ജനാധിപത്യരാജ്യമാണ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ല.”-സാറാ ജോസഫ് കുറിച്ചു.

