ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനം: അവസാന മത്സരം ഇന്നു നടക്കും

കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. കേപ്ടൗണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണു മത്സരം.ദക്ഷിണാഫ്രിക്ക 2-0 ത്തിനു പരമ്പര ഉറപ്പാക്കി. ആശ്വാസ ജയവുമായി മുഖം രക്ഷിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ 2019 നു ശേഷം കൈവിടുന്ന മൂന്നാമത്തെ ഏകദിന പരമ്പരയാണിത്.

ന്യൂസിലന്‍ഡില്‍ 3-0 ത്തിനും ഓസ്ട്രേലിയയില്‍ 2-1 നുമായിരുന്നു പരമ്പര കൈവിട്ടത്. ഓസീസിനെതിരേ രണ്ടു കളികളും വന്‍ മാര്‍ജിനിലാണു തോറ്റത്. ബൗളിങ്ങിന്റെ പോരായ്മയാണു തോല്‍വികള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചാഹാലും ഭുവനേശ്വറും ഫോമിലല്ലാത്തതും പകരം ആര്‍ക്കും അവസരം കൊടുക്കാത്തതും തോല്‍വിക്കു കാരണമായി. 2020 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് കേപ് ടൗണില്‍ ഏകദിനം കളിക്കുന്നത്. പിച്ചിന്റെ നിലവാരത്തെക്കുറിച്ച് അതുകൊണ്ടു തന്നെ പ്രവചിക്കാനാകില്ല. ഒന്നും രണ്ടും ഏകദിനങ്ങള്‍ നടന്ന പാളിനെക്കാള്‍ ചൂട് കുറഞ്ഞ പ്രദേശമാണു കേപ് ടൗണ്‍. ഇന്നത്തെ കൂടിയ താപനില 31 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.

കേപ്ടൗണിലെ റെക്കോഡുകള്‍ ആതിഥേയര്‍ക്ക് അനുകൂലമാണ്. ഇവിടെ നടന്ന 37 ഏകദിനങ്ങളില്‍ 31 ലും ദക്ഷിണാഫ്രിക്ക ജയിച്ചു. ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാല്‍ ഏകദിനത്തില്‍ 100 വിക്കറ്റ് തികയ്ക്കാന്‍ ഒരുങ്ങുകയാണ്. ഇന്ന് രണ്ട് വിക്കറ്റെടുത്താല്‍ ചാഹാല്‍ 100 കടക്കും. താരത്തിന്റെ 59-ാം ഏകദിനമാണിത്. സ്ഥാനമൊഴിഞ്ഞ നായകന്‍ വിരാട് കോഹ്ലിയും ശ്രദ്ധാകേന്ദ്രമാണ്. രണ്ടു മത്സരങ്ങളും തോറ്റതിനാല്‍ പുതിയ നായകന്‍ ലോകേഷ് രാഹുലിന് അഗ്നിപരീക്ഷയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇനിയൊരു തോല്‍വി താങ്ങാവുന്നതിന് അപ്പുറമാണ്. നായകനെന്ന നിലയില്‍ ഒന്നാം ഏകദിനത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം രണ്ടാം ഏകദിനത്തില്‍ പുറത്തെടുത്തിരുന്നു.

സാധ്യതാ ടീം: ഇന്ത്യ – ലോകേഷ് രാഹുല്‍ (നായകന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ആര്‍. അശ്വിന്‍, ദീപക് ചാഹാര്‍/ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹാല്‍.
സാധ്യതാ ടീം: ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക്, ജാനെമന്‍ മാലാന്‍, തെംബ ബാവുമ (നായകന്‍), എയ്ദീന്‍ മര്‍ക്രാം, റാസി വാന്‍ ഡര്‍ ദൂസാന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, കേശവ് മഹാരാജ്, മാര്‍കോ ജാന്‍സെന്‍/ ഡ്വെയ്ന്‍ പ്രിട്ടോറിയസ്, സിസാന്‍ഡ മാഗാല, താബ്രിസ് ഷാംസി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →