നിര്‍ത്തിയിട്ടിരുന്ന ഗ്യാസ്‌ ടാങ്കറിനു പിന്നില്‍ കാറിടിച്ച്‌ ഒരാള്‍ മരിച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാസ്‌ ടാങ്കറിന്‌ പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക്‌ പരിക്കേറ്റു. കണ്ണൂര്‍ കുണ്ടന്‍കുളങ്ങര കുഞ്ഞിമംഗലം സ്വദേശി ആദിത്യ ജയചന്ദ്രനാണ്‌ മരിച്ചത്‌. ഇവരുടെ കൂടയുണ്ടായിരുന്ന കാഞ്ഞങ്ങാട്‌ സ്വദേശി ജീരകശ്ശേരി ഫ്രാന്‍സിസിനാണ്‌ പരിക്കേറ്റത്‌ . നാലുവയസുകാരനായ ആദം പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

പൊന്നാനി ആനപ്പടിയിലാണ്‌ അപകടം. ചാവക്കാട്‌ -പൊന്നാനി ദേശീയ പാതയില്‍ ആനപ്പടി സെന്ററില്‍ നിര്‍ത്തിയിട്ട ഗ്യാസ്‌ ടാങ്കറിലാണ്‌ 2022 ജനുവരി 21ന്‌ പുലര്‍ച്ചെ 4.50ന്‌ മഹീന്ദ്ര സൈലോ കാര്‍ ഇടിച്ചത്‌. വേഗതയില്‍വന്ന കാര്‍ ഇലക്ട്രിക്ക്‌ പോസ്‌റ്റ്‌ ഇടിച്ചുതെറിപ്പിച്ചശേഷമാണ്‌ ടാങ്കറില്‍ ഇടിച്ചത്‌. നേരിട്ട്‌ ടാങ്കറില്‍ ഇടിച്ചിരുന്നുവെങ്കില്‍ അപകടം കൂടുതല്‍ കടുത്തതാകുമായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

ലോറിക്ക്‌ പിന്‍ഭാഗത്ത്‌ കുടുങ്ങിയ കാര്‍ അഗ്നിരക്ഷാസേനാംഗങ്ങളെത്തി വെട്ടിപ്പൊളിച്ചാണ്‌ യാത്രികരെ പുറത്തെടുത്തത്‌. അപകടത്തില്‍ പരിക്കുപറ്റിയ കാര്‍ യാത്രക്കാരായ ആദിത്യ ജയചന്ദ്രനെയും ,ഫ്രാന്‍സിസിനെയും പൊന്നാനി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ആദിത്യ മരണപ്പെടുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടത്തിന്‌ കാരണമെന്ന്‌ കരുതുന്നു. ദേശീയപാതയില്‍ ആനപ്പടിയില്‍ രാത്രികാലങ്ങളില്‍ വലിയ ലോറികള്‍ നിര്‍ത്തിയിടുന്നത്‌ നിരവധി അപകടങ്ങള്‍ കാരണമാവുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →