കൊച്ചി: വ്യവസായ സംരംഭം തുടങ്ങുന്നതിനുളള രേഖകള്‍ ശരിയാക്കാനെത്തിയ യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ട കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവായ്‌പയെടുത്ത് വ്യവസായത്തിനുളള രേഖകള്‍ ശരിയാക്കാനാണ് യുവതി ഓഫീസിലെത്തിയത്. കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപ്പറമ്പില്‍ ഫിലോമിനയുടെ മകള്‍ മിനിജോസിക്കാണ് കോര്‍പ്പറേഷന്റെ പളളുരുത്തി സോണല്‍ ഓഫീസില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.
കൈക്കൂലി ആവശ്യപ്പെട്ട വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ യുവതിയെ വ്യവസായമന്ത്രി പി.രാജീവ് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതിനുപിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കൊച്ചിമേയര്‍ അനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്. യുതിയോടും അമ്മയോടും അപമര്യാദയായി പെരുമാറിയ മറ്റൊരു ഉദ്യോഗസ്ഥനെ സെക്ഷനില്‍ നിന്ന മാറ്റി.
14 വര്‍ഷത്തെ പ്രവാസി ജീവിതം മതിയാക്കി നാട്ടിയെത്തിയ യുവതി പെരുമ്പടപ്പിലെ വീടിനോട് ചേര്‍ന്നുളള കെട്ടിടത്തില്‍ അരിയും മറ്റും പൊടിച്ചു നല്‍കുന്ന മില്‍ തുടങ്ങാനാണ് 10 ലക്ഷം രൂപ വരെയുളള മുദ്രാലോണിന് ശ്രമിച്ചത്. കെട്ടിടം വ്യവസായ ആവശ്യത്തിനായി മാറ്റുന്നതിന് കാല്‍ നൂറ്റാണ്ടുമുമ്പുളള കെട്ടിടനമ്പരുള്‍പ്പടെ വേണമായിരുന്നു. ഇതൊഴിവാക്കി നല്‍കാനാണ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ 25,000രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അതുവരെ കൈവശംകിട്ടിയ രേഖകല്‍ യുവതി ഉദ്യോഗസ്ഥന്റെ മുഖത്ത് കീറിയെറിഞ്ഞു. പിന്നീടാണ് ഫെയ്‌സ്‌ബുക്ക് വഴി തനിക്കും അമ്മക്കും കേരളത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചത്. ഇത് വൈറലായതോടെ നൂറുകണക്കിനാളുകളാണ് ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

