ചിന്നക്കനാലില്‍ വനംവകുപ്പിന്റെ തീയിടല്‍ ദ്രോഹം തുടരുന്നു

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്തിലെ ആദിവാസി പട്ടയഭൂമി, റവന്യൂ തരിശ്, കൃഷിക്കാരുടെ കൈവശഭൂമി എന്നിവയില്‍ വാച്ചര്‍മാരെ നിയോഗിച്ച് തീയിടുന്നത് വനംവകുപ്പ് തുടരുന്നു. ഇവിടെ വളര്‍ന്നുനില്‍ക്കുന്ന മേച്ചില്‍ പുല്ല് കത്തിക്കഴിഞ്ഞാല്‍ ഉടനെ തളിര്‍ത്തു വരുന്നതോടെ ആനകളുടെ ആകര്‍ഷണ കേന്ദ്രമായി ഇവിടം മാറും. തളിര്‍ത്തു വരുന്ന മേച്ചില്‍ പുല്ലിന്റെ ഇളം മധുരരസം ആനകള്‍ക്ക് പ്രിയങ്കരമാണ്. വേനല്‍ ആകുന്നതോടെ വനഭൂമിയില്‍ തീറ്റ കുറയും. അതോടെ മതികെട്ടാന്‍, ചിന്നാര്‍ വന്യജീവി കേന്ദ്രങ്ങളിലെ ആനകള്‍ ചിന്നക്കനാല്‍ പ്രദേശത്തേക്ക് എത്തും. ഒരേസമയം 30 മുതല്‍ 40 വരെ ആനകള്‍ ഈ ജനവാസകേന്ദ്രത്തില്‍ വേനല്‍ക്കാലത്ത് ഉണ്ടാകുന്നത് കുറെ വര്‍ഷങ്ങളായി പതിവാണ്. ഈ കാലത്താണ് ആനയുടെ ആക്രമണത്തില്‍ കൂടുതല്‍ മരണങ്ങളും നാശങ്ങളും ഉണ്ടായിട്ടുള്ളത്.
ആനയെ ഈ പ്രദേശത്ത് ആകര്‍ഷിച്ചു നിര്‍ത്താനുള്ള ഗൂഢനീക്കമാണ് തീയിടലിന് പിന്നിലെന്ന് കര്‍ഷകര്‍ പറയുന്നു. ആദിവാസികളുടെ പട്ടയഭൂമി ഏറ്റെടുക്കാനും കൈവശ കൃഷിക്കാരെ പുറത്താക്കാനും വര്‍ഷങ്ങളായി വനംവകുപ്പ് ശ്രമിച്ചുവരികയും അതിന്റെ ഭാഗമായി ഉപദ്രവങ്ങള്‍ ചെയ്തു വരികയുമാണെന്ന് കര്‍ഷകര്‍ പറയുന്നു.

ജില്ലയില്‍ എല്ലാ വില്ലേജിലും ആയിരക്കണക്കിന് പട്ടയങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കി. പക്ഷേ, ചിന്നക്കനാലിലെ ഏഴായിരത്തിലധികം അപേക്ഷകരില്‍ ഒരാള്‍ക്കു പോലും പട്ടയം നല്‍കിയില്ല. വനംവകുപ്പിന്റെ എതിര്‍പ്പാണ് കാരണം. രേഖകള്‍ പ്രകാരം 25 ഏക്കര്‍ മാത്രമാണ് ഈ വില്ലേജില്‍ വനമുള്ളത്. എന്നാല്‍ മുഴുവന്‍ സര്‍വ്വേ നമ്പരുകളിലെ പട്ടയ അപേക്ഷകളും വനംവകുപ്പ് എതിര്‍ക്കുകയാണ്. ആദിവാസി പുനരധിവാസത്തില്‍ കൊടുത്ത പട്ടയ ഭൂമിയില്‍ നിന്നും അവരെ പുറന്തള്ളാനാണ് ശ്രമം എന്ന് ആദിവാസികളും പറയുന്നു.

ചിന്നക്കനാലിൽ വനം വകുപ്പ് വാച്ചർമാർ തീയിട്ടതിനെ തുടർന്ന് കത്തിയമരുന്ന പുൽപുറങ്ങളുടെ ദൃശ്യം
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →