ഇടുക്കി: കേരള നോളജ് ഇക്കണോമി മിഷന്‍ ഇടുക്കി തൊഴില്‍മേള മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷന്‍ ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ച തൊഴില്‍മേള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. തൊഴില്‍മേള ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കാനുളള സാധ്യതയാണ് തുറക്കപ്പെടുന്നതെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് അനുയോജ്യമായ പദ്ധതികള്‍ക്ക് രൂപവും ഭാവവും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കട്ടപ്പന മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോബി അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതം പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി വിശിഷ്ട അഥിതി ആയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ ഷമീജ് കെ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ റെജി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കണ്ണന്‍ വി, നോളജ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. മധുസുധന്‍ എന്നിവര്‍ ഓണ്‍ലൈന്‍ ചടങ്ങില്‍ സംസാരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ.സാബു വര്‍ഗീസ് കൃതജ്ഞത പറഞ്ഞു.

20 കമ്പനികള്‍ നേരിട്ടും 7 കമ്പനികള്‍ ഓണ്‍ലൈന്‍ ആയും പങ്കെടുത്ത മേളയില്‍ 600 റോളം ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു.

കട്ടപ്പന കോളേജിലെ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കു ജനുവരി 21 മുതല്‍ 27 വരെ നടക്കുന്ന വെറുച്വല്‍ ജോബ് ഫെയറില്‍, നോളജ് മിഷന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു ഓണ്‍ലൈന്‍ ആയി ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം.

2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്ലയു.എം.എസ്) പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജില്ലാ തലത്തില്‍ നടക്കുന്ന തൊഴില്‍മേളയുടെ തുടര്‍ച്ചയായി, അഭിമുഖങ്ങള്‍ കഴിഞ്ഞിട്ടും ജോലിയ്ക്ക് പരിഗണിക്കപ്പെടാത്തവര്‍ക്ക്, തൊഴില്‍ ദാതാക്കള്‍ നല്‍കുന്ന ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍, പുതിയ നവലോക തൊഴിലുകളുള്‍പ്പെടെയുള്ള വൈദഗ്ദ്ധ്യ തൊഴിലുകള്‍ നേടുന്നതിനുള്ള പരിശീലനങ്ങള്‍ക്കും അസാപ്, കെയ്സ്, ഐ സി ടി അക്കാദമി, മറ്റ് അംഗീകൃത തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പരിശീലന ഏജന്‍സികള്‍ മുഖേന നടത്തുന്ന, തൊഴില്‍ വൈദ്ധ്യ പരിശീലനങ്ങള്‍ക്ക് കേരള നോളജ് എക്കണോമി മിഷന്‍ അവസരമൊരുക്കും. ഇവയില്‍ പുതിയ കാലത്തെ തൊഴിലുകള്‍ക്ക് ആവശ്യമായ നൈപുണികള്‍, റിമോട്ട് വര്‍ക്കിംഗ് സ്‌കില്‍സ്, കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്റര്‍വ്യൂ സ്‌കില്‍സ്, ലൈഫ് സ്‌കില്‍സ് തുടങ്ങിയവയുടെ ഹ്രസ്വകാല പരിശീലനവും വൈദഗ്ദ്ധ്യ തൊഴിലുകള്‍ക്കുള്ള വ്യവസായ ഏജന്‍സികളുടെ പ്രായോഗിക – ഓണ്‍ ദി ജോബ് പരിശീലനവും ഉള്‍പ്പെടും. ഇത്തരം കോഴ്സ്‌കള്‍ക്ക് ചേരുന്ന തൊഴിലന്വേഷകരില്‍ അര്‍ഹരായവര്‍ക്ക് പലിശ രഹിത വായ്പകളും മറ്റ് സ്‌കോളര്‍ഷിപ്പുകളും നല്‍കാന്‍ പദ്ധതിയുണ്ട്.

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെയും തൊഴില്‍സേനയുടെ ഭാഗമായവരെയും അവരുടെ അറിവും കഴിവും നൈപുണികളും തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നല്‍കി നവലോക വൈജ്ഞാനിക തൊഴിലുകള്‍ക്ക് പ്രാപ്തരാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ ജില്ലാതലത്തില്‍ നടത്തുന്ന തൊഴില്‍മേള. ഇതിലൂടെ പുതുവര്‍ഷത്തില്‍ ചുരുങ്ങിയത് 10,000 പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു. 20 ലക്ഷം പേര്‍ക്ക് 5 വര്‍ഷത്തിനകം കഴിവുകള്‍ക്കും അഭിരുചിക്കും അനുസരിച്ചുള്ള തൊഴില്‍ നല്‍കി അവരെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനുള്ള നോളജ് ഇക്കണോമി മിഷന്‍ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനമായ തൊഴില്‍മേളകളുടെ അനുഭവങ്ങളും പ്രതികരണങ്ങളും വിലയിരുത്തിയാകും തുടര്‍ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ വിപുലീകരണവും ആസൂത്രണം ചെയ്യുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →