ലഖ്നൗവിനെ നയിക്കുക ലോകേഷ് രാഹുല്‍

ലഖ്നൗ: ഐ.പി.എല്‍. ക്രിക്കറ്റ് പുതിയ സീസണിനു മുന്നോടിയായുള്ള മെഗാ താര ലേലത്തിനു മുമ്പ് ടീമിലെത്തിച്ച കളിക്കാരുടെ പട്ടിക ലഖ്നൗ ഫ്രാഞ്ചൈസി പുറത്തുവിട്ടു. പ്രതീക്ഷിച്ച പോലെ ലോകേഷ് രാഹുലാണു ടീമിനെ നയിക്കുക. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോനിസ്, യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്നോയ് എന്നിവര്‍ ലഖ്നൗ ടീമിന്റെ ഭാഗമായി.

ഐ.പി.എല്ലില്‍ അരങ്ങേറാനൊരുങ്ങുന്ന ഫ്രാഞ്ചൈസി കൂടിയാണ് ലഖ്നൗ. 15 കോടി രൂപയ്ക്കാണ് രാഹുലിനെ അവര്‍ ടീമിലേക്കു കൊണ്ടുവന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്സിന്റെ നായകനായിരുന്നു. 2018 മുതല്‍ രാഹുല്‍ പഞ്ചാബ് ടീമിനൊപ്പമുണ്ടായിരുന്നു. 2013 ല്‍ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി കളിച്ചാണ് ഐ.പി.എല്ലിലെത്തുന്നത്. 2014 ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിലെത്തി. 2016 ല്‍ റോയല്‍ ചലഞ്ചേഴ്സില്‍ തിരിച്ചെത്തി. രാഹുലിനെ 2018 ലെ താര ലേലത്തില്‍ 11 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു സ്റ്റോനിസ്. പരുക്ക് കാരണം കഴിഞ്ഞ സീസണില്‍ പല മത്സരങ്ങളും നഷ്ടപ്പെട്ടു. ക്യാപ്പിറ്റല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ താരത്തിനായി. 11 കോടി രൂപയ്ക്കാണ് സ്റ്റോനിസ് ലഖ്നൗവിലെത്തുന്നത്. ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയുള്ള ലേലത്തില്‍ സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പായിരുന്നു 7090 കോടി രൂപയ്ക്കു ലഖ്നൗ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം നേടിയത്. ഗോയെങ്ക ഗ്രൂപ്പ് നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ ഉടമകളായിരുന്നു. 2016, 2017 സീസണുകളിലാണ് സൂപ്പര്‍ ജയന്റ് ഐ.പി.എല്ലില്‍ കളിച്ചത്. ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഭാഗമാകുമെന്നാണു സൂചന. സി.വി.വി. കാപിറ്റല്‍ പാര്‍ട്ണേഴ്സാണ് അഹമ്മദാബാദിന്റെ ഉടമ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →