*സന്ദേശ പ്രചാരണം മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു
ആസാദീ കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ വകുപ്പ് അരുവിപ്പുറം പ്രതിഷ്ഠ സന്ദേശ പ്രചാരണം സംഘടിപ്പിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരികതലത്തില്‍ മറ്റാര്‍ക്കും ഇല്ലാത്ത സ്ഥാനം ശ്രീനാരായണ ഗുരുവിനുണ്ടെന്ന് മന്ത്രി പറഞ്ഞു. ധൈര്യശാലിയായ സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു ഗുരുവെന്നും ഗുരു തെളിയിച്ച തിരി അണയാതെ കാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടി യൂട്യൂബ് ലൈവിലൂടെ കാണുന്നതിനുള്ള സജ്ജീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു. സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ 75 ആഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അന്‍പത്തിരണ്ടാമത്തെ ആഴ്ചയിലെ പരിപാടിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ വകുപ്പ് അരുവിപ്പുറം പ്രതിഷ്ഠാ സന്ദേശ പ്രചാരണം സംഘടിപ്പിച്ചത്.
എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികള്‍ പ്രതിഷ്ഠാസന്ദേശം നല്‍കി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി.കാര്‍ത്തികേയന്‍ നായര്‍ അരുവിപ്പുറം ചരിത്രം അവതരിപ്പിച്ചു. ആര്‍.ഡി.ഡി ഇ.എസ് നാരായണി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സന്തോഷ് കുമാര്‍, വി.എച്ച്.എസ്.ഇ അഡീഷണല്‍ ഡയറക്ടര്‍ ഒ.എസ് ചിത്ര, എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.രത്നകുമാര്‍, ആസാദി കാ അമൃത് മഹോത്സവ് കോര്‍ഡിനേറ്റര്‍ ജോസ്.ഡി. സുജീവ് തുടങ്ങിയവരും പങ്കെടുത്തു.

