തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സി.പി.ഐ.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പിന്നോട്ടുപോയെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനമാണുണ്ടായത്. ഭരണത്തില്‍ പാര്‍ട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി പറഞ്ഞതിനെയും അംഗങ്ങള്‍ ചോദ്യം ചെയ്തു.
സാധാരണക്കാരന്‍ വന്ന് കാണുമ്പോള്‍ സഹായം ചെയ്യേണ്ടത് പാര്‍ട്ടിയാണ്. മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നുണ്ടെന്നും പ്രതിനിധികള്‍ പരാതിയുന്നയിച്ചു.
വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകാന്‍ വേണ്ട ഇടപെടല്‍ നടത്തണം. ആരുടെയും ക്വട്ടേഷന്‍ പിടിച്ചല്ല, ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫീസില്‍ പോകുന്നത്. എന്നാല്‍ ആരുടെയോ ക്വട്ടേഷനുമായിവന്നിരിക്കുന്നു എന്ന ധാരണയിലുള്ള സംസാരമാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടേത്. സാധാരണ പാര്‍ട്ടിയംഗങ്ങളുടെ കൂടി വിയര്‍പ്പാണ് സര്‍ക്കാരെന്ന് മനസിലാക്കണമെന്നും പ്രതിനധികള്‍ അഭിപ്രായപ്പെട്ടു.
എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ അതുപോലുമില്ല. ആശുപത്രികളില്‍ സേവനം മെച്ചപ്പെടണം. കെ റെയില്‍ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചരണങ്ങളെ പ്രതിരോധിക്കണമെന്നും അഭിപ്രായമുയര്‍ന്നു.
പാര്‍ട്ടി -സര്‍ക്കാര്‍ ബന്ധത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തില്‍ ഭരണത്തില്‍ പാര്‍ട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഭരണം നടത്താന്‍ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവര്‍ നോക്കിയാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ പ്രതികരണമാണ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കാരണമായത്.
പൊലീസിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ പൊലീസില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കി. പക്ഷേ, ആര്‍.എസ്.എസുകാര്‍ക്ക് യഥേഷ്ടം സഹായം ലഭിക്കുന്നുവെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പൊലീസിനെതിരെ വ്യാപകമായി ആക്ഷേപം ഉണ്ടായിട്ട് പാര്‍ട്ടിയും സര്‍ക്കാരും എന്ത് ചെയ്തുവെന്നും ചര്‍ച്ചയില്‍ ചോദ്യമുയര്‍ന്നിരുന്നു.