സില്‍വര്‍ലൈന്‍ പദ്ധതി: പ്രചരണത്തിനായി കോടികള്‍ തുലയ്‌ക്കുന്നു

തിരുവനന്തപുരം ; സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ കോടികള്‍ ചെലവഴിച്ച്‌ കൈപ്പുസ്‌തകമിറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊളളുന്ന 50 ലക്ഷം പുസ്‌തകങ്ങള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 36 പേജുളള മള്‍ട്ടി കളര്‍ കൈപ്പുസ്‌തകങ്ങളാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. ഏറ്റവും ചുരുങ്ങിയത്‌ ഒരു കോപ്പിക്ക്‌ 25 രൂപ വീതം കണക്കാക്കിയാല്‍തന്നെ 12.5 കോടി രൂപയാണ്‌ ലഘുലേഖയുടെ പേരില്‍ സര്‍ക്കാര്‍ പൊടിക്കാനൊരുങ്ങുന്നത്‌.

ജില്ലകള്‍തോറും പൗരപ്രമുഖരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി നേരിട്ട്‌ സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരിക്കുന്നതിന്‌ പിന്നാലെയാണ്‌ കൈപ്പു സ്‌തകങ്ങളിറക്കാന്‍ നീക്കം നടക്കുന്നത്‌. പൗരപ്രമുഖരെമാത്രമേ മുഖ്യമന്ത്രി കാണുന്നുളളുവെന്നും പദ്ധതിയുടെ ഇരകളെ അവഗണിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇത്‌ പരിഹരിക്കാനും പ്രതിഷേധം തണുപ്പിക്കാനുമാണ്‌ പുതിയനീക്കമെന്നാണ്‌ വിലയിരുത്തല്‍.

പരമാവധി ചെലവ്‌ കുറച്ച്‌ സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന്‌ അധികൃതര്‍ ആവര്‍ത്തിക്കുമ്പോള്‍ പ്രചരണത്തിനായി കോടികള്‍ ചെലവഴിക്കുന്നതിലും വിമര്‍ശനമുണ്ട്‌. പ്രഥമിക അനുമതി മാത്രമാണ്‌ കേന്ദ്രസര്‍ക്കാരില്‍ നിന്നും സില്‍വര്‍ലൈന്‍ പദ്ധതിക്ക് ലഭിച്ചത്‌. എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →