ധീരജിന്റെത് സി.പി.ഐ.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകനും ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയുമായ ധീരജിന്റെ കൊലപാതകം സി.പി.ഐ.എം പിടിച്ചുവാങ്ങിയതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.

സാധാരണഗതിയില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ കോണ്‍ഗ്രസിന്റെ പ്രാധിനിത്യം കുറവാണെന്നും എന്നാല്‍ ഇത്തവണ അതല്ല സ്ഥിതിയെന്നും കെ. സുധാകരന്‍ പറഞ്ഞു.

‘സാധാരണ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എഞ്ചിനീയറിംഗ് കോളേജുകളില്‍ അങ്ങനെയുണ്ടാവറില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. എന്റെ കുട്ടികള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. വളരെ നല്ല രീതിയിലുള്ള വിജയമാണ് കോളേജ് തെരഞ്ഞെടുപ്പുകളില്‍ നേടുന്നത്,’ സുധാകരന്‍ പറഞ്ഞു.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വോട്ട് എണ്ണി നോക്കിയാല്‍ അവിടേയും കെ.എസ്.യു തന്നെ ജയിക്കുമെന്നും അതില്ലാതാക്കാന്‍ കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പുറത്തുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

”ധീരജിന്റെ കൊലപാതകം കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവര്‍ക്ക് ദുഖമല്ല ആഹ്ളാദമാണ്.

ധീരജ് മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ നാട്ടിലെ സി.പി.ഐ.എമ്മുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിന് സ്മാരകം കെട്ടേണ്ട ഭൂമി വിലകൊടുത്തു വാങ്ങി എന്നതാണ്. ദുഖിക്കേണ്ട സന്ദര്‍ഭത്തില്‍ ഏതെങ്കിലും പാര്‍ട്ടി രക്തസാക്ഷി മണ്ഡപത്തെ കുറിച്ച് ചിന്തിക്കുമോ,’ എന്നും കെ. സുധാകരന്‍ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →