ലക്നൗ: ഉത്തർപ്രദേശ് ബി.ജെ.പിയില്‍ രാജി തുടരുന്നു. യോഗി മന്ത്രിസഭയിലെ ദാരാ സിംഗ് ചൗഹാനാണ് ബുധനാഴ്ച രാജിവെച്ചത്. വനം പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്.
11/01/22 ചൊവ്വാഴ്ച തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവെച്ചിരുന്നു. 24 മണിക്കൂറിനിടെ യോഗി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരാണ് രാജിവെച്ചത്. യു.പിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വിട്ട എം.എല്‍.എമാരുടെ എണ്ണം ആറായി. ഒ.ബി.സി വിഭാഗത്തോട് യോഗി സർക്കാർ നീതി പുലർത്തിയില്ലെന്ന് ദാരാ സിംഗ് ചൗഹാൻ ആരോപിച്ചു. അദ്ദേഹം സമാജ്‍വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.
ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ യു.പി മന്ത്രി ദാരാ സിങ് ചൗഹാനെ അടിയന്തരമായി അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. മധുഭൻ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം നേരത്തെ ബി.എസ്.പി അംഗമായിരുന്നു. 2015ലാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്. കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ മുതിർന്ന അംഗം സ്വാമി പ്രസാദ് മൗര്യയും നാലു എം.എൽ.എമാരും ബി.ജെ.പി വിടുകയുണ്ടായി. റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗർ, വിനയ് ശാഖ്യ എന്നിവരാണ് പാർട്ടി വിട്ട എം.എല്‍.എമാര്‍.

