25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ദേശീയ യുവജന ദിനമായി ആചരിക്കുന്നു. ചടങ്ങില്‍, മേരെ സപ്‌നോ കാ ഭാരത് (എന്റെ സ്വപ്‌നത്തിലെ ഇന്ത്യ), ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകര്‍ (അണ്‍സങ് ഹീറോസ് ഓഫ് ഇന്ത്യന്‍ ഫ്രീഡം മൂവ്‌മെന്റ്)” എന്നീ വിഷയങ്ങളിലെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ രണ്ട് വിഷയങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങൾ സമര്‍പ്പിച്ച ലേഖനങ്ങളില്‍ നിന്നാണ് ഈ ഉപന്യാസങ്ങള്‍ തെരഞ്ഞെടുത്തത്. ഏകദേശം 122 കോടി രൂപ ചെലവഴിച്ച് പുതുച്ചേരിയില്‍ സ്ഥാപിച്ച എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മന്ത്രാലയത്തിന്റെ സാങ്കേതിക കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതുച്ചേരി ഗവണ്‍ശമന്റ് ഏകദേശം 23 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍ ഉള്‍പ്പെടെയുള്ള ഓഡിറ്റേറിയമായ പെരുന്തലൈവര്‍ കാമരാജര്‍ മണിമണ്ഡപവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, ശ്രീ നാരായണ്‍ റാണെ, ശ്രീ ഭാനു പ്രതാപ് സിംഗ് വര്‍മ്മ, ശ്രീ നിസിത് പ്രമാണിക്, ഡോ തമിഴിസൈ സൗന്ദരരാജന്‍ പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എന്‍. രംഗസ്വാമി, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ദേശീയ യുവജന ദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ജന്മദിനം കൂടുതല്‍ പ്രചോദനാത്മകമാണെന്ന് സ്വാമി വിവേകാനന്ദനെ വണങ്ങിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാര്‍ഷികവും മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ 100-ാം ചരമവാര്‍ഷികവും ഇതേ വര്‍ഷം തന്നെ നടക്കുന്നതിനാല്‍ ഈ വര്‍ഷത്തെ അധിക പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”ഈ രണ്ട് സന്യാസിവര്യന്മാര്‍ക്കും പുതുച്ചേരിയുമായി പ്രത്യേക ബന്ധമുണ്ട്. ഇരുവരും സാഹിത്യപരവും ആത്മീയവുമായ യാത്രയില്‍ പരസ്പരം പങ്കാളികളുമായിരുന്നു”, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ലോകം ഇന്ത്യയെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് നോക്കുന്നതെന്ന് പ്രാചീന രാജ്യത്തിന്റെ യുവത്വത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി, പറഞ്ഞു. ഇന്ത്യ ജനസംഖ്യാപരമായ ചെറുപ്പമാണ്, ഇന്ത്യയുടെ മനസ്സും ചെറുപ്പമാണ് അതാണ് കാരണം. ഇന്ത്യയുടെ സാദ്ധ്യതകളിലും സ്വപ്‌നങ്ങളിലും യുവത്വമുണ്ട്. തന്റെ ചിന്തകളിലും അതുപോലെ ബോധത്തിലും ഇന്ത്യ ചെറുപ്പമാണ്. ഇന്ത്യന്‍ ചിന്തയും തത്ത്വചിന്തയും എല്ലായ്‌പ്പോഴും മാറ്റത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അതിുകൊണ്ടുതന്നെ പ്രാചീനതയില്‍ ആധുനികതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യഘട്ടങ്ങളിലെല്ലാം രാജ്യത്തെ യുവജനങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയബോധം ഭിന്നിക്കപ്പെടുമ്പോഴെല്ലാം ശങ്കരനെപ്പോലുള്ള യുവാക്കള്‍ വന്ന് ആദിശങ്കരാചാര്യനായി രാജ്യത്തെ ഐക്യത്തിന്റെ നൂലിഴയില്‍ തുന്നിക്കെട്ടുന്നുണ്ട്. നിഷ്ഠൂരഭരണത്തിന്റെ കാലത്ത്, ഗുരു ഗോവിന്ദ് സിംഗ് ജിയുടെ നാലു മക്കളെ പോലുള്ള യുവാക്കളുടെ ത്യാഗങ്ങളാണ് ഇന്നും നമ്മെ നയിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ത്യാഗം ആവശ്യമായി വന്നപ്പോള്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് തുടങ്ങിയ യുവ വിപ്ലവകാരികള്‍ തങ്ങളുടെ ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ മുന്നോട്ട് വന്നു. രാജ്യത്തിന് ആത്മീയ പുനരുജ്ജീവനം ആവശ്യമായി വന്നപ്പോഴെല്ലാം അരബിന്ദോയെയും സുബ്രഹ്മണ്യന്‍ ഭാരതിയെയും പോലുള്ള സന്യാസിവര്യന്മാര്‍ രംഗത്തെത്തെത്തിയിരുന്നുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ യുവതയ്ക്ക് ജനാധിപത്യ മൂല്യത്തോടൊപ്പം ജനസംഖ്യാപരമായ നേട്ടങ്ങളും ഉണ്ടെന്നും അവരുടെ ജനാധിപത്യ വീതാംശം സമാനതകളില്ലാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിന്റെ യുവജനങ്ങളെ ജനസംഖ്യാപരമായ നേട്ടമായും വികസന ചാലകമായും കണക്കാക്കുന്നു, അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന്, ഇന്ത്യയിലെ യുവതയ്ക്ക് സാങ്കേതികവിദ്യയുടെ ചാരുതയുണ്ടെങ്കില്‍, ജനാധിപത്യത്തിന്റെ ബോധവും ഉണ്ടെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപ്പറഞ്ഞു. ഇന്ന്, ഇന്ത്യയിലെ യുവതയ്ക്ക് കഠിനാദ്ധ്വാനത്തിനുള്ള കഴിവുണ്ടെങ്കില്‍, ഭാവിയെക്കുറിച്ച് വ്യക്തതയുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യ ഇന്ന് പറയുന്നത് നാളെയുടെ ശബ്ദമായി ലോകം കണക്കാക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് രാജ്യത്തിന് വേണ്ടി എല്ലാം ത്യജിക്കാന്‍ യുവതലമുറ ഒരു നിമിഷം പോലും മടിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇന്നത്തെ യുവ ജനങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയുമാണ് വേണ്ടത്. പഴയ സ്ഥിരരൂപങ്ങളുടെ ഭാരംപേററല്ല യുവതയുടെ കഴിവുകള്‍, അതിനെ എങ്ങനെ ഇളക്കണമെന്ന് തനിക്കറിയാമെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വെല്ലുവിളികള്‍ക്കും പുതിയ ആവശ്യങ്ങള്‍ക്കും അനുസൃതമായി സ്വയം പരിണമിക്കാനും സമൂഹത്തെ വികസിപ്പിക്കാനും പുതിയവ സൃഷ്ടിക്കാനും ഈ യുവത്വത്തിന് കഴിയും. ഇന്നത്തെ യുവജനങ്ങള്‍ക്ക് ‘ചെയ്യാന്‍ കഴിയും (കാന്‍ ഡു) എന്ന മനോഭാവമുണ്ട്, അത് ഓരോ തലമുറയ്ക്കുള്ള പ്രചോദത്തിന്റെ സ്രോതസാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ ആഗോള സമൃദ്ധിയുടെ നിയമാവലി രചിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ലോകമെമ്പാടുമുള്ള യൂണികോണ്‍ പരിസ്ഥിതിയില്‍ വിലമതിക്കപ്പെടേണ്ട ഒരു ശക്തിയാണ് ഇന്ത്യന്‍ യുവത്വം. ഇന്ത്യക്ക് ഇന്ന് 50,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളുടെ ശക്തമായ പരിസ്ഥിതിയുണ്ട്. ഇതില്‍ പതിനായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയില്‍ ഉയര്‍ന്നുവന്നവയാണ്. നവ ഇന്ത്യയുടെ മന്ത്രം പ്രധാനമന്ത്രി നല്‍കി – മത്സരിക്കുക, കീഴടക്കുക. അതായത്, ഇടപെടുകയും, വിജയിക്കുകയും ചെയ്യുക. ഒന്നിക്കുകയും യുദ്ധം വിജയിക്കുകയും ചെയ്യുക. ഒളിമ്പിക്‌സിലെയും പാരാലിമ്പിക്‌സിലെയും പ്രകടനവും പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിലെ യുവ ജനതയുടെ പങ്കാളിത്തവും വിജയിക്കാനുള്ള ഇച്ഛാശക്തിയുടെയും യുവതയ്ക്കിടയിലെ ഉത്തരവാദിത്തബോധത്തിന്റെയും തെളിവായി പ്രധാനമന്ത്രി ഉദ്ധരിച്ചു.
ആണ്‍മക്കളും പുത്രിമാരും തുല്യരാണെന്ന വിശ്വാസമാണ് ഗവണ്‍മെന്റിനുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച് പെണ്‍മക്കളുടെ ഉന്നമനത്തിനായാണ് വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്. പെണ്‍മക്കള്‍ക്കും അവരുടെ ജീവിതഗതി ഉണ്ടാക്കാന്‍ കഴിയും, അവര്‍ക്ക് കൂടുതല്‍ സമയവും ലഭിക്കും, ആ ദിശയിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വന്തം സംഭാവനകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ നിരവധി പോരാളികള്‍ നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ യുവാക്കള്‍ എത്രയധികം എഴുതുന്നുവോ, അത്തരം മഹാന്മാരെക്കുറിച്ച് ഗവേഷണം നടത്തുന്നുവോ അത്രയധികം രാജ്യത്തെ വരും തലമുറകളില്‍ അവബോധം വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുചിത്വത്തിനായുള്ള യജ്ഞത്തിനായി ശബ്ദമുയര്‍ത്താനും സംഭാവന നല്‍കാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
ഇന്ത്യയിലെ യുവജനങ്ങളുടെ മനസ്സിനെ രൂപപ്പെടുത്താനും അവരെ രാഷ്ട്രനിര്‍മ്മാണത്തിനുള്ള ഒരു ഏകീകൃത ശക്തിയാക്കി മാറ്റാനും ലക്ഷ്യമിടുന്നതാണ് ദേശീയ യുവജന ഉത്സവം. സാമൂഹിക ഐക്യത്തിനും ബൗദ്ധികവും സാംസ്‌കാരികവുമായ ഏകീകരണത്തിനുമുള്ള ഏറ്റവും വലിയ പരിശ്രമങ്ങളിലൊന്നാണിത്. ഇന്ത്യയുടെ വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങളെ വളര്‍ത്തിയെടുക്കാനും അവയെ ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് (ഏക ഭാരതം, ശ്രേഷ്ഠ ഭാരതം) എന്ന ഏകീകൃത നൂലുകൊണ്ട് സമന്വയിപ്പിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.