യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; ദളിത് നേതാവ് സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി.

ബി.ജെ.പി നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുന്നതിനാലാണ് രാജിയെന്ന് സ്വാമി പ്രസാദ് മൗര്യ പ്രതികരിച്ചു.

മൗര്യക്കൊപ്പം മറ്റ് രണ്ട് എം.എല്‍.എമാരും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. മൗര്യയുടെ അടുത്ത അനുയായിയായ റോഷന്‍ ലാല്‍, ബ്രിജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജി വെച്ചത്.

പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗം അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ചേരുന്നതിനിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്.

ഉച്ചയോടെയായിരുന്നു രാജി പ്രഖ്യാപനം വന്നത്. തൊട്ടുപിന്നാലെ മൗര്യയെ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷ് സ്വാമി പ്രസാദ് മൗര്യയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു.

ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും ബി.ജെ.പിയില്‍ അവഗണന നേരിടുന്നുവെന്ന മൗര്യയുടെ ആരോപണം തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ വലിയ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദളിത് വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി വലിയ രീതിയില്‍ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഒരു നേതാവ് പാര്‍ട്ടി വിടുന്നത് ബി.ജെ.പിക്ക് വലിയ ക്ഷീണമായിരിക്കുമെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →