തമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും ജനുവരി 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ ഉടനീളമുള്ള 11 പുതിയ ഗവണ്മെന്റ്  മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും 2022 ജനുവരി 12 ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.

ഏകദേശം 4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്, ഇതിൽ 2145 കോടി രൂപ കേന്ദ്ര ഗവണ്മെന്റും  ബാക്കി തുക തമിഴ്‌നാട് ഗവണ്മെന്റുമാണ് നൽകിയത്. വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും താങ്ങാനാവുന്ന മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന് അനുസൃതമായാണ് ഈ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. 1450 സീറ്റുകളുടെ ക്യുമുലേറ്റീവ് കപ്പാസിറ്റിയുള്ള പുതിയ മെഡിക്കൽ കോളേജുകൾ, ‘നിലവിലുള്ള ജില്ലാ/റഫറൽ ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ’ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിലാണ് സ്ഥാപിക്കുന്നത്. പദ്ധതി പ്രകാരം, ഗവണ്മെന്റ്  അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്.

ചെന്നൈയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ (സിഐസിടി) പുതിയ കാമ്പസ് സ്ഥാപിക്കുന്നത് ഇന്ത്യൻ പൈതൃകം സംരക്ഷിക്കാനും സംരക്ഷിക്കാനും ക്ലാസിക്കൽ ഭാഷകളെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ്. 24 കോടി രൂപ ചെലവിലാണ് പുതിയ കാമ്പസ് പൂർണമായും കേന്ദ്ര ഗവണ്മെന്റിന്റെ  ധനസഹായത്തോടെ നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സിഐസിടി ഇനി മൂന്നു നിലകളുള്ള പുതിയ കാമ്പസിലാണ് പ്രവർത്തിക്കുക. വിശാലമായ ലൈബ്രറി, ഇ-ലൈബ്രറി, സെമിനാർ ഹാളുകൾ, മൾട്ടിമീഡിയ ഹാൾ എന്നിവ പുതിയ കാമ്പസിൽ സജ്ജീകരിച്ചിട്ടുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ  സി ഐ  സി  ടി  തമിഴ് ഭാഷയുടെ പ്രാചീനതയും അതുല്യതയും സ്ഥാപിക്കുന്നതിനായി ഗവേഷണ പ്രവർത്തനങ്ങൾ നടത്തി ക്ലാസിക്കൽ തമിഴിന്റെ പ്രോത്സാഹനത്തിന് സംഭാവന നൽകുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിൽ 45,000-ലധികം പുരാതന തമിഴ് പുസ്തകങ്ങളുടെ സമ്പന്നമായ ശേഖരമുണ്ട്. ക്ലാസിക്കൽ തമിഴിനെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനുമായി, ഇൻസ്റ്റിറ്റ്യൂട്ട് സെമിനാറുകളും പരിശീലന പരിപാടികളും നടത്തുക, ഫെലോഷിപ്പ് നൽകൽ തുടങ്ങിയ അക്കാദമിക പ്രവർത്തനങ്ങളിൽ മുഴുകുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലേക്കും 100 വിദേശ ഭാഷകളിലേക്കും ‘തിരുക്കുറൾ’ വിവർത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനും ഇത് ലക്ഷ്യമിടുന്നു. ലോകമെമ്പാടും ക്ലാസിക്കൽ തമിഴിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ടിന് കാര്യക്ഷമമായ പ്രവർത്തന അന്തരീക്ഷം പുതിയ കാമ്പസ് പ്രദാനം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →