ന്യൂഡല്‍ഹി: രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ക്യാമ്പയിന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോവിഡ് മൂന്നാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലും ജനുവരി 15 വരെ റോഡ് ഷോകളോ, തെരഞ്ഞെടുപ്പു റാലികളോ നടത്തുന്നത് കമ്മിഷന്‍ വിലക്കി. 15ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തായിരിക്കും തുടര്‍ തീരുമാനം.
പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍.
- 15 വരെ റോഡ്ഷോ, പദയാത്ര പാടില്ല.
- പൊതുവഴികളില്‍ തെരുവുയോഗങ്ങള്‍ അനുദവിക്കില്ല
- വോട്ടെണ്ണിക്കഴിഞ്ഞശേഷം വിജയാഘോഷം അനുവദിക്കില്ല
- വീടുകയറിയുള്ള സന്ദര്‍ശനത്തിന് അഞ്ചുപേര്‍ മാത്രം
- കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കാന്‍ കമ്മിഷന്‍ മടിക്കില്ല
- പോളിങ്ങിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ചാല്‍ ചീഫ് സെക്രട്ടറിയും ജില്ലാ മജിസ്ട്രേറ്റുമാരും വ്യക്തിപരമായി ഉത്തരവാദികളാകും.
- നേരിട്ടുള്ള പ്രചാരണം നിരുത്സാഹപ്പെടുത്തും, പരമാവധി വര്‍ച്ച്വല്‍ റാലികള്‍ സംഘടിപ്പിക്കണം.
- രാത്രി എട്ടുമണിമുതല്‍ രാവിലെ എട്ടുമണി വരെ ക്യാമ്പയിന്‍ കര്‍ഫ്യൂ ആയിരിക്കും. ഈ സമയത്ത് ഒരുദിവസവും പ്രചാരണം പാടില്ല.
- കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ഥിയും സത്യവാങ്മൂലം നല്‍കണം.

