ദുബായ്: ട്വന്റി20 യില്‍ രണ്ട് വമ്പന്‍ മാറ്റങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. കുട്ടി ക്രിക്കറ്റിലെ കളി നിയമങ്ങളിലാണ് ഐ.സി.സി. രണ്ട് മാറ്റങ്ങള്‍ അവതരിപ്പിച്ചത്.കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷാ വിധിയിലും ഡ്രിങ്ക്സ് ഇടവേളയിലുമാണു പുതിയ തീരുമാനം. ഈ മാസം മുതല്‍ നിയമം നടപ്പിലാകുമെന്ന് ഐ.സി.സി. വ്യക്തമാക്കി. ഒരു ഇന്നിങ്സ് എറിഞ്ഞു തീര്‍ക്കാന്‍ നിശ്ചിത സമയമുണ്ട്. സമയത്തിനുള്ളില്‍ തീര്‍ക്കാനായില്ലെങ്കില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പിഴ ശിക്ഷ അനുഭവിക്കേണ്ടി വരും. മാച്ച് ഫീയുടെ 10 മുതല്‍ 20 ശതമാനം വരെയമാണു പൊതുവേ പിഴ ചുമത്തുന്നത്.പുതിയ നിയമപ്രകാരം നിശ്ചിത സമയത്തിനനുസരിച്ചല്ല ഓവര്‍ നിരക്കെങ്കില്‍ മുപ്പത് വാര വൃത്തത്തിനു പുറത്ത് നില്‍ക്കാന്‍ കഴിയുന്ന ഫീല്‍ഡര്‍മാരില്‍ ഒരാളെ കുറയ്ക്കും. ഇന്നിങ്സ് കഴിയുന്ന വരെ സര്‍ക്കിളിന് പുറത്ത് ഒരാളുടെ കുറവോടെ കളിക്കേണ്ടി വരും. ഒരു ഫീല്‍ഡറെ വെട്ടിക്കുറയ്ക്കുന്നതു ടീമുകളുടെ പദ്ധതികള്‍ പൊളിക്കും. കൂടാതെ ബാറ്റിങ് ടീമിന് റണ്ണെടുക്കല്‍ അനായാസവുമാകും. നിയമം വരുന്നതോടെ ബൗളര്‍മാര്‍ വേഗത്തില്‍ മത്സരം പൂര്‍ത്തിയാക്കാനാകും ശ്രമിക്കുക. ഒപ്പം പിഴ ശിക്ഷയും പഴയതു പോലെയുണ്ടാകും. ഇം ണ്ടിന്റെ 100 ബോള്‍ ടൂര്‍ണമെന്റാണ് ഐ.സി.സിക്കു പുതിയ നിയമത്തിനു പ്രചോദനം. ട്വന്റി20 യില്‍ അഞ്ച് താരങ്ങളെയാണ് പവര്‍ പ്ലേക്ക് ശേഷം 30 വാര വൃത്തത്തിനു പുറത്ത് അനുവദിക്കുക. ഇന്നിങ്സിന്റെ 10-ാം ഓവറില്‍ ഡ്രിങ്ക്സിന് സമയം അനുവദിക്കും. ഐ.പി.എല്ലിലെ സ്ട്രാറ്റജിക് ടൈം ഔട്ടാണ് ഇതിനു പ്രചോദനം. രണ്ട് മിനിറ്റ് 30 സെക്കന്‍ഡാണ് ഐ.സി.സി. നിശ്ചയിച്ച ഇടവേള. 16 നു നടക്കുന്ന വെസ്റ്റിന്‍ഡീസും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരത്തോടെ പുതിയ നിയമം പ്രാബല്യത്തിലാകും. ഒരു ടീമിന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ 85 മിനിറ്റാണ് ഐ.സി.സി. കണക്കു കൂട്ടിയിരിക്കുന്നത്. അതായത് കളി തുടങ്ങി 85-ാം മിനിറ്റില്‍ ബൗളിങ് ടീം അവസാന ഓവര്‍ എറിഞ്ഞിരിക്കണം. തേഡ് അമ്പയറാണ് ടൈമര്‍ വച്ച് കുറഞ്ഞ ഓവര്‍ നിരക്ക് കണക്കു കൂട്ടുക. ഓവര്‍ റേറ്റ് കുറയുന്നതു മാച്ച് ഒഫീഷ്യലുകള്‍ ഫീല്‍ഡിങ് ടീമിനെ അറിയിച്ചു കൊണ്ടിരിക്കും.
പരുക്ക്, ഡി.ആര്‍.എസ്. റിവ്യൂ, കാലാവസ്ഥ ഉള്‍പ്പെടെയുള്ള മറ്റു കാരണങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കും കുറഞ്ഞ ഓവര്‍ നിരക്ക് നിര്‍ണയിക്കുക. അത്തരം സാഹചര്യങ്ങളില്‍ ബൗളിങ് ടീമിന് മൂന്നോ അതിലധികമോ ഓവറുകളുടെ ഇളവ് അനുവദിക്കുമെന്നും ഐ.സി.സി. വ്യക്തമാക്കി. ഡെത്ത് ഓവറുകളിലാണു പുതിയ നിയമം നിര്‍ണായകമാകുക.