തിരുവനന്തപുരം : കെ.എസ്.ആര്‍ടിസി ചീഫ് ലോ ഓഫീസര്‍ പി.എന്‍ ഹേനയെ സസ്‌പെന്‍ഡ് ചെയ്‌തു. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി രൂപവല്‍ക്കരിച്ച സ്വിഫ്‌റ്റുമായി ബന്ധപ്പെട്ട കേസില്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയെന്നാരോപിച്ചാണ് നടപടി. ഹൈക്കോടതിയിലുളള കേസില്‍ ജനുവരി ഏഴിന് സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ടിയിരുന്നു. ഇതില്‍ കെ.എസ്‌ആര്‍ടിസിയുടെ നിയമവിഭാഗം വീഴ്‌ചവരുത്തിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.
അതേസമയം കേസില്‍, കോടതിയില്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സെക്രട്ടറിയേറ്റിലെ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ടത്. എജിയുടെ ഓഫീസില്‍ നിന്ന് സത്യവാങ്‌മൂലം തയ്യാറാക്കി സെക്രട്ടറിയേറ്റില്‍ എത്തിച്ചിരുന്നു. ഇതില്‍ സെക്രട്ടറി ഒപ്പിട്ട് തിരികെ അയക്കുന്നതില്‍ ഗതാഗത വകുപ്പിന് വീഴ്‌ച പറ്റിയെന്നാണ് അറിയുന്നത്.
സ്വിഫ്‌റ്റ് രൂപവല്‍ക്കരണത്തില്‍ രണ്ട് ഉത്തരവുകളാണ് ഉണ്ടായിരുന്നത്. കെ.എസ്.ആര്‍ടിസിയുടെ റൂട്ടുകളില്‍ സ്വിഫ്‌റ്റിന്റെ ബസുകള്‍ ഓടിക്കുമെന്നാണ് 2020 ജനുവരിയിലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്..കോര്‍പ്പറേഷന്റെ റൂട്ടുകള്‍ സ്വിഫ്‌റ്റ് കമ്പനിക്ക് കൈമാറുന്നതിനെ സംഘടനകള്‍ കോടതിയില്‍ എതിര്‍ത്തു. തുടര്‍ന്ന് ഡിസംബറില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. സ്വിഫ്‌റ്റിന്റെ ബസുകള്‍ വ്യവസ്ഥകള്‍ക്കുവിധേയമായി കെഎസ്‌ആര്‍ടിസിക്ക് കൈമാറി സ്വന്തം റൂട്ടില്‍ ഓടിക്കുമെന്ന് വ്യവസ്ഥയാണ് പുതുതായി ഉള്‍ക്കൊളളിച്ചത്.
സര്‍ക്കാരിനോട് നിലപാട് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കോടതി നിര്‍ദ്ദേശിച്ച സമയത്തിനുളളില്‍ സര്‍ക്കാരിന്റെ ഭാഗം ഫയല്‍ ചെയ്‌തിരുന്നില്ല. അതേസമയം കെഎസ്‌ആര്‍ടിസിക്കെതിരായ കേസായതിനാല്‍ സര്‍ക്കാര്‍ഭാഗം കോടതിയിലെത്തിക്കുന്നതില്‍ നിയമ വിഭാഗത്തിന് ചുമതല ഉണ്ടായിരുന്നെന്നാണ് വിലയിരുത്തല്‍.