കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ ഭയത്തോടെയാണ് കഴിയുന്നതെന്ന് അമ്മ. തന്നെ കൊലപ്പെടുത്തുമോ എന്ന് മകന്‍ ഭയക്കുന്നുണ്ട്. കോടതിയില്‍ വെച്ച് കണ്ടപ്പോള്‍ ഇക്കാര്യം പലവട്ടം പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും വകവരുത്തപ്പെടാം എന്നും മകന്‍ ഭയപ്പെട്ടതായി അമ്മ ഒരു ദൃശ്യമാധ്യമത്തോട് പറഞ്ഞു.
ജയിലില്‍ തന്റെ കൂട്ടു പ്രതി വിജീഷ് ആത്മഹത്യക്ക് ശ്രമിച്ച വിവരവും തന്നോട് മകന്‍ പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറയുന്നു. ‘കഴിഞ്ഞ ദിവസം ഒരു ഞായറാഴ്ച അവന്റെ കൂടെ കേസില്‍ പെട്ട് കിടക്കുന്ന പ്രതി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പറഞ്ഞത്. തലയ്ക്കും കൈക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് അന്ന് എന്നോട് പറഞ്ഞത്. അത് കണ്ടതോട് കൂടി ഇവനാകെ വിഷമമാണ്. ആത്മഹത്യക്ക് ശ്രമിച്ചതാണോ വേറെന്തെങ്കിലും പറ്റിയതാണോ എന്നൊന്നും അറിയില്ല. അവനും അറിയില്ല,’ പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചനയുണ്ടെന്നാണ് സുനിയുടെ അമ്മ പറയുന്നത്. 2015 മുതല്‍ ഗൂഡാലോചന നടന്നു. ഗൂഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തെന്നും അമ്മ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ കൊലപെടുത്താന്‍ ശ്രമം നടന്നു. ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറയുന്നു.
