പട്ന: ബിഹാറിലെ പട്നയിലുള്ള നളന്ദാ മെഡിക്കല്‍ കോളജിലെ 72 ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയില്‍ രണ്ടുദിവസത്തിനിടെ കൊവിഡ് ബാധിതരായ ഡോക്ടര്‍മാരുടെ എണ്ണം 159 ആയി ഉയര്‍ന്നു. ഞായറാഴ്ച ആശുപത്രിയിലെ 87 ഡോക്ടര്‍മാരിലാണ് രോഗബാധ ആദ്യം കണ്ടെത്തിയതെന്ന് മെഡിക്കല്‍ സുപ്രണ്ടന്റ് ഡോ. ബിനോദ് കുമാര്‍ സിങ് അറിയിച്ചു. ഇതിന് പിന്നാലെയാണ് 72 ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ ഡോക്ടര്‍മാരെല്ലാം ചികില്‍സയിലാണ്. രോഗം ബാധിച്ച ഡോക്ടര്‍മാരെല്ലാം ഒന്നുകില്‍ ലക്ഷണമില്ലാത്തവരോ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്ന് പട്ന ഡി എം ചന്ദ്രശേഖര്‍ സിങ് അറിയിച്ചു. ഇവരെ ആശുപത്രി കാംപസില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1,386 കൊവിഡ് കേസുകളാണ് ബിഹാറില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ ഭീതി പരത്തുന്നതിനിടയില്‍ ആശുപത്രികളിലേക്കും രോഗം പടര്‍ന്നുപിടിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഇതുവരെ രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1800 കടന്നിരിക്കുകയാണ്.
പട്നയിലെ ആശുപത്രിയില്‍ 159 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്
