ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം.സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് 327, രണ്ടാം ഇന്നിങ്സ് ഒന്നിന് 16. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 197.മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ലോകേഷ് രാഹുലും (അഞ്ച്) ശാര്‍ദൂല്‍ ഠാക്കൂറുമാണ് (നാല്) ക്രീസില്‍. നാല് റണ്ണെടുത്ത മായങ്ക് അഗര്‍വാളിനെ മാര്‍കോ ജാന്‍സെന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈയിലെത്തിച്ചു. ഇന്ത്യക്ക് ഇതുവരെ 146 റണ്ണിന്റെ ലീഡുണ്ട്. ഇന്ത്യക്ക് ഒന്നാം ഇന്നിങ്സില്‍ 130 റണ്ണിന്റെ ലീഡ് നേടാനായി. ഇന്ത്യയുടെ 327 റണ്ണിനു മറുപടിയുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ ബൗളിങ്ങിന് മുന്നില്‍ തകര്‍ത്തു.

103 പന്തില്‍ 52 റണ്ണെടുത്ത തെംബ ബാവുമയും 34 റണ്ണെടുത്ത ക്വിന്റണ്‍ ഡി കോക്കും പൊരുതിയെങ്കിലും 200 കടന്നില്ല. വാലറ്റത്ത് 25 റണ്ണെടുത്ത കാഗിസോ റബാഡയും 19 റണ്ണെടുത്ത മാര്‍കോ ജാന്‍സണും ചേര്‍ന്നാണു സ്‌കോര്‍ 197 ലെത്തിച്ചത്. ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശാര്‍ദൂല്‍ ഓക്കൂറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് കുറിക്കാന്‍ ഷമിക്കായി. 16 ഓവറില്‍ നാലു മെയ്ഡനുകളടക്കം 44 റണ്‍ വിട്ടുകൊടുത്താണ് ഷമി അഞ്ചു പേരെ പുറത്താക്കിയത്. ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നറായ ആര്‍. അശ്വിനു പിച്ചില്‍ കാര്യമായ പിന്തുണ ലഭിച്ചില്ല. നേരത്തേ മൂന്നിന് 272 റണ്ണെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ പെട്ടെന്നു തന്നെ ഓള്‍ഔട്ടായി. 49 റണ്ണെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ആറു വിക്കറ്റുകളെടുത്ത ലുങ്കി എന്‍ഗിഡിയും മൂന്നു വിക്കറ്റുകളെടുത്ത കാഗിസോ റബാഡയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ സ്‌കോര്‍ നേടുന്നതില്‍നിന്നു തടഞ്ഞത്. അരങ്ങേറ്റക്കാരന്‍ മാര്‍കോ ജാന്‍സണ്‍ ഒരു വിക്കറ്റെടുത്തു. 24 ഓവറില്‍ (അഞ്ചു മെയ്ഡനുകളടം) 71 റണ്‍ വഴങ്ങിയാണ് എന്‍ഗിഡി ആറു പേരെ പുറത്താക്കിയത്. ഓപ്പണര്‍ ലോകേഷ് രാഹുല്‍ (123), മായങ്ക് അഗര്‍വാള്‍ (60), അജിന്‍ക്യ രഹാനെ (48), നായകന്‍ വിരാട് കോഹ്ലി (35) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. മൂന്നാംദിനം ടീം സ്‌കോറിലേക്ക് അഞ്ച് റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. അര്‍ധ സെഞ്ചുറിക്ക് രണ്ടു റണ്‍ അകലെ രഹാനെയും വീണു. പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. അശ്വിന്‍ (നാല്), ഋഷഭ് പന്ത് (എട്ട്), ശാര്‍ദൂല്‍ ഠാക്കൂര്‍ (നാല്), മുഹമ്മദ് ഷമി (എട്ട്) എന്നിവര്‍ 12 റണ്ണിനിടെയാണു മടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →