മുംബൈ: 2021ലെ അവസാന വ്യാപാര ആഴ്ചയില്‍ നേട്ടത്തോടെ തുടക്കം. ഇന്നലെ വ്യാപാരം ആരംഭിച്ചതിന്റെ തുടക്കത്തില്‍ കടുത്ത ചാഞ്ചാട്ടം ദൃശ്യമായെങ്കിലും പിന്നീടങ്ങോട്ട് സാഹചര്യം മെച്ചപ്പെട്ടു. സെന്‍സെക്സ് 900 പോയിന്റ് റേഞ്ചിലായിരുന്നു വ്യാപാരം ചെയ്യപ്പെട്ടത്. നിഫ്റ്റിയും നിര്‍ണായകമായ 17,000 നിലവാരം തിരിച്ചുപിടിച്ചു. ഐടി, റിയാല്‍റ്റി, ബാങ്കിങ്, ഫാര്‍മ വിഭാഗം ഓഹരികളിളും മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി 82 പോയിന്റ് നേട്ടത്തില്‍ 17,086-ലും സെന്‍സെക്സ് 295 പോയിന്റ് നേട്ടത്തോടെ 57,420-ലും വ്യാപാരമവസാനിപ്പിച്ചു. വര്‍ഷാവസാനവും ഒമിക്രോണും രാജ്യാന്തര വിപണികളെ തളര്‍ത്തുമ്പോഴും ഇന്ത്യന്‍ സൂചികകള്‍ തിരിച്ചുവരവിന്റെ പാതയിലാകുന്നത് ശ്രദ്ധേയമാണ്. ഷാങ്ഹായ്, ടോക്യോ, ബാങ്കോക്, സോള്‍ സൂചികകള്‍ വന്‍ നഷ്ടത്തെ അഭിമുഖീകരിച്ചു. മീഡിയ ഒഴികെ എല്ലാ വിഭാഗം സൂചികളിലും ഏറെക്കുറെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മീഡിയ വിഭാഗം ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദം നേരിട്ടത്. വാര്‍ത്തകളിലിടം പിടിച്ച ആര്‍.ബി.എല്‍. ബാങ്കിന്റെ ഓഹരികളില്‍ 18 ശതമാനത്തോളം തകര്‍ച്ച നേരിട്ടു. ടെക് മഹീന്ദ്ര, സിപ്ല, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, യുപിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ ഓഹരികള്‍ നേട്ടംകൊയ്തപ്പോള്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നഷ്ടത്തിലായിരുന്നു. എഫ്എംസിജി, മെറ്റല്‍ വിഭാഗം ഓഹരികളിലും നേരിയ നഷ്ടം നേരിട്ടു. എങ്കിലും മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ പൊതുവായി നിക്ഷേപ താത്പര്യം പ്രകടമായിരുന്നു.
എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,114 ഓഹരികളില്‍ 880 എണ്ണം വിലയിടിവും 1,176 ഓഹരികളില്‍ വില വര്‍ധനവും 8 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.34 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും ഭേദപ്പെട്ട നിക്ഷേപ താത്പര്യം ഉടലെടുത്തതായാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഒന്നിന് മുകളിലായതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 273 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 222 കമ്പനികള്‍ നഷ്ടത്തിലും 6 ഓഹരികളുടെ വില വ്യത്യാസമില്ലാതെയും ക്ലോസ് ചെയ്തു.കേരള കമ്പനികളില്‍ 19 എണ്ണത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. നിറ്റ ജലാറ്റിന്‍, പാറ്റ്സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, ഹാരിസണ്‍സ് മലയാളം, ആസ്റ്റര്‍ ഡിഎം, സ്‌കൂബീ ഡേ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍, എഫ്എസിടി, കല്യാണ്‍ ജൂവലേഴ്സ്, ഈസ്റ്റേണ്‍ ട്രെഡ്സ് തുടങ്ങി എട്ട് കേരള കമ്പനികളുടെ വിലയിടിഞ്ഞു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.

